കാസർകോട്: അന്താരാഷ്ട്ര ലഹരി നിർമാണ-വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് 150 ഗ്രാം മെതാംഫെറ്റമിൻ കടത്തിയ കേസിൽ രണ്ട് നൈജീരിയൻ പൗരന്മാർ ഉൾപ്പെടെ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കാസർകോട് അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ടി. എച്ച്. രജിതയാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. അതേസമയം, കേസിൽ നാലാം പ്രതിയായിരുന്ന സൂരജിനെ കോടതി വെറുതെവിട്ടു.
കുറ്റക്കാർക്കുള്ള ശിക്ഷ ഒക്ടോബർ 17 (നാളെ)ന് പ്രഖ്യാപിക്കും. അബൂബക്കർ (38) , തൈര , ചട്ടഞ്ചാൽ ,അബൂബക്കറിന്റെ ഭാര്യ അമീന അശ്ര (35), *വസീം അക്രം (35) ബാംഗ്ലൂർ , ഹഫ്സ റിഹാനത്ത് ഉസ്മാൻ എന്ന ബ്ലസിങ് ജോയ് (25) ,നൈജീരിയൻ സ്വദേശിനി, ഉക്ക മോസസ് (41) നൈജീരിയഎന്നിവരെയാണ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്.വിധി പറയുന്ന വേളയിൽ കോടതിയിൽ ഹാജരാകാതിരുന്ന ഒന്നും രണ്ടും പ്രതികളായ അബൂബക്കർ, ഭാര്യ അമീന അശ്ര എന്നിവർക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
2023 ഏപ്രിൽ 21നാണ് കേസിനാസ്പദമായ സംഭവം. വിൽപ്പനയ്ക്കായി കടത്തുകയായിരുന്ന 150 ഗ്രാം മെതാംഫെറ്റമിനുമായി സ്വിഫ്റ്റ് കാറിൽ സഞ്ചരിക്കവെ ഉദുമ പള്ളത്തുവെച്ച് ബേക്കൽ പൊലീസാണ് ഒന്നു മുതൽ നാലു വരെയുള്ള പ്രതികളെ പിടികൂടിയത്. അന്നത്തെ ബേക്കൽ എസ്.ഐ പ്രദീപ് പി.കെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഒന്നാം പ്രതി അബൂബക്കറിന്റെ അടിവസ്ത്രത്തിനുള്ളിലും കാറിന്റെ ഡാഷ് ബോർഡിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.തുടർന്ന് പ്രതികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നൈജീരിയൻ പൗരന്മാരിലേക്ക് എത്തിയത്. തുടർന്ന് ഇവരെ ബാംഗ്ലൂരിൽ വച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 2023 മുതൽ ഇവർ ജയിലിൽ റിമാന്റിൽ കഴിഞ്ഞുവരികയാണ്.ഡൽഹി, ബഗ്ളൂരു തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് നിർമാണവും വിതരണവും നടത്തിവന്ന അന്താരാഷ്ട്ര സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായ നൈജീരിയൻ സ്വദേശികൾ.
വിദ്യാഭ്യാസ വിസയിൽ ഇന്ത്യയിലെത്തിയ ഇവർ വിസ കാലാവധി കഴിഞ്ഞിട്ടും രേഖകളോ യാത്രാ പാസ്പോർട്ട് രേഖകളോ ഇല്ലാതെ രാജ്യത്ത് അനധികൃതമായി തങ്ങി വരികയായിരുന്നു.ഇന്ത്യൻ പൗരന്മാരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വ്യാജമായി സംഘടിപ്പിച്ച സിം കാർഡുകൾ വഴിയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. വാട്സ്ആപ്പ് വഴി ആവശ്യക്കാരുമായി ബന്ധപ്പെടുകയും, ലഹരിമരുന്ന് ഒളിപ്പിച്ചുവെച്ച സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചുകൊടുത്ത് നിർദ്ദിഷ്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കുകയുമായിരുന്നു ഇവരുടെ പ്രവർത്തനരീതി.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്നത്തെ ജില്ലാ പൊലീസ് മേധാവി ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പ്രതികളുടെ ഫോണുകളിലെ വാട്സ്ആപ്പ് ചാറ്റുകളും കോൾ ഡീറ്റെയിൽസ് റെക്കോർഡുകളും പ്രോസിക്യൂഷന് നിർണായക തെളിവുകളായി.
ഒന്നാം പ്രതി അബൂബക്കറും ആറാം പ്രതി ഉക്ക മോസസും ബാംഗ്ലൂരിലെ മറ്റ് എൻ.ഡി.പി.എസ് കേസുകളിലും പ്രതികളാണ്.കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് മുൻ ബേക്കൽ സർക്കിൾ ഇൻസ്പെക്ടർ യു. വിപിനാണ്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 149 രേഖകളും എട്ടോളം തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ലോഹിതാക്ഷൻ ഇടയില്ലം, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.







