പൊലീസിനെ ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട്; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കാസര്‍കോട്: പൊലീസുകാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ജീവനക്കാരനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. മൃഗാശുപത്രി ജീവനക്കാരനും ജോയന്റ് കൗണ്‍സില്‍ മഞ്ചേശ്വരം മേഖലാ സെക്രട്ടറിയുമായ കാഞ്ഞങ്ങാട്, ആലയിലെ മോഹന്‍കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് മൃഗസംരക്ഷണ വകുപ്പു മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് മോഹന്‍ കുമാര്‍ ഓടിച്ച സ്‌കൂട്ടര്‍ എത്തിയത്. പൊലീസ് കൈ കാണിച്ചുവെങ്കിലും നിര്‍ത്തിയില്ല. പൊലീസ് ഇയാളെ പിടികൂടി വൈദ്യപരിശോധനക്ക് ജീപ്പില്‍ കൊണ്ടു പോകുന്നതിനിടയില്‍ ജൂനിയര്‍ എസ്.ഐ കെ.ടി ജിതിന്റെ കൈ തിരിച്ചൊടിക്കുകയും എസ്.ഐ വി. മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജിത്ത് എന്നിവരെ ആക്രമിക്കുകയും ചെയ്തതായാണ് പൊലീസ് കേസ്. അന്നു തന്നെ മോഹന്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്യുകയും ചെയ്തു. പ്രതി നല്‍കിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) തള്ളി. സര്‍ക്കാര്‍ ജീവനക്കാരന്‍ ഒരു കാരണവശാലും ഇത്തരം കേസുകളില്‍ പ്രതികളാകാന്‍ പാടില്ലെന്നു വാക്കാല്‍ നിരീക്ഷിച്ചു കൊണ്ടാണ് മോഹന്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page