ശരീഅത്ത് കോടതിക്കു നിയമപരമായി അംഗീകാരമില്ലെന്നു സുപ്രിം കോടതി; ശരീഅത്ത് കോടതിയുടെ തീരുമാനവും വിധിയും പാലിക്കാന്‍ ആര്‍ക്കും ബാധ്യതയുമില്ലെന്നു കോടതി

ന്യൂഡെല്‍ഹി: ശരീഅത്ത് കോടതിയുടെ പ്രഖ്യാപനവും തീരുമാനവും വിധിയും പാലിക്കാന്‍ ആര്‍ക്കും ബാധ്യതയില്ലെന്നും ഏതെങ്കിലും നിര്‍ബന്ധ നടപടികളിലൂടെ അതു നടപ്പാക്കാന്‍ പാടില്ലെന്നും സുപ്രിം കോടതി പ്രസ്താവിച്ചു.
ജീവനാംശത്തിനു സിആര്‍പിസി സെക്ഷന്‍ 125 പ്രകാരമുള്ള അവകാശം തള്ളിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്. പരാതിക്കാരിയുടെ ഭര്‍ത്താവ് ‘കാസി കോടതി’ യില്‍ വിവാഹമോചനകേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നുള്ള നടപടികളാണ് സുപ്രിം കോടതിയിലെത്തിയത്. ഈ കേസില്‍ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടായി. തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍ത്താവു തന്നെ മര്‍ദ്ദിക്കുകയും കുട്ടികളെയും എന്നെയും വീട്ടില്‍ നിന്നു പുറത്താക്കുകയും ചെയ്‌തെന്നാരോപിച്ചു ഭാര്യ ജീവനാംശക്കേസ് ഫയല്‍ ചെയ്തു. കുടുംബകോടതി ഈ കേസില്‍ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചിട്ടില്ലെന്നും അവരുടെ സ്വഭാവവും പെരുമാറ്റവും വീട്ടില്‍ നിന്നു ഭര്‍ത്താവിന്റെ അനുമതിയില്ലാതെ പുറത്തുപോയതാണെന്നും കണ്ടെത്തി ജീവനാംശത്തിനുള്ള അവരുടെ അപേക്ഷ തള്ളിക്കളയുകയായിരുന്നു. കാരണമില്ലാതെ ഭാര്യ ഭര്‍ത്താവില്‍ നിന്ന് അകന്നു താമസിക്കുകയാണെന്ന കുടുംബകോടതി വിധി ഹൈക്കോടതിയും ശരിവച്ചു. മാത്രമല്ല, ഭാര്യയുടെയും ഭര്‍ത്താവിന്റെയും രണ്ടാം വിവാഹമായതിനാല്‍ ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്നു നിരീക്ഷിച്ച കുടുംബ കോടതി ജീവനാംശത്തിനുള്ള അപേക്ഷ തള്ളിക്കളയുകയും ചെയ്യുകയായിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് എതിര്‍കക്ഷിയായ ഭര്‍ത്താവ്. നിയമം നിര്‍മ്മിക്കാന്‍ അവകാശം നിയമസഭക്കാണെന്നും നിയമസഭ ഉണ്ടാക്കിയ ഒരു നിയമവും നീതിന്യായ വ്യവസ്ഥക്കു കീഴിലുള്ള ഒരു സ്ഥാപനത്തിനും തള്ളിക്കളയാനാവില്ലെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.
കാസി കോടതി (ദാരുള്‍ കാജ), കാജിയത്ത് കോടതി, ശരിയ കോടതി തുടങ്ങി ഏതു പേരില്‍ അറിയപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളും നിയമത്തിന്റെ അംഗീകാരമില്ലാത്തതാണെന്ന് കോടതി എടുത്തുപറഞ്ഞു. അതു കൊണ്ടു തന്നെ അത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു പ്രഖ്യാപനവും തീരുമാനവും ആര്‍ക്കും ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page