റോഡ് സൈഡില്‍ മാലിന്യകൂമ്പാരം: ഭാസ്‌കരനഗര്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ ഒരാളെ കണ്ടെത്തി; പഞ്ചായത്ത് 5000 രൂപ പിഴയീടാക്കി, ഉപദേശം നല്‍കിവിട്ടു

കുമ്പള: ശുചിത്വകേരള നിര്‍മ്മിതിക്കു സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങും മുന്‍കൈയെടുത്തു നില്‍ക്കുമ്പോള്‍ കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്‌കരനഗറിനും ശാന്തിപ്പള്ളക്കുമിടക്കു ദിവസവും പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ തള്ളുന്നവരെ നാട്ടുകാരായ യുവാക്കള്‍ ബുദ്ധിപൂര്‍വ്വം കണ്ടുപിടിച്ചു.
മാലിന്യം തള്ളുന്നവരെ കണ്ടു പിടിക്കാന്‍ ഭാസ്‌കര നഗര്‍ ക്ലബ്ബ് ഭാരവാഹികള്‍ ഉറക്കമൊഴിഞ്ഞു കാത്തിരുന്നിട്ടും ദിവസവും മാലിന്യങ്ങള്‍ കുന്നുകൂടിക്കൊണ്ടിരുന്നു. ഇതില്‍ സംശയം തോന്നിയ ക്ലബ്ബ് പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് കൂടുകളില്‍ പൊതിഞ്ഞ മാലിന്യങ്ങള്‍ ഇളക്കി നോക്കിയപ്പോള്‍ അതിലൊന്നില്‍ ഒരു ബൈക്കിന്റെ പുക ടെസ്റ്റ് നടത്തിയ രസീതു കണ്ടെത്തുകയായിരുന്നു. അവരതു പഞ്ചായത്തു ഓഫീസിനു കൈമാറി. പഞ്ചായത്ത് കത്തുമായി ആര്‍ടിഒ ഓഫീസിലെത്തി. ബൈക്ക് ശാന്തിപ്പള്ളയിലെ രഞ്ജിത്തിന്റേതാണെന്നു കണ്ടെത്തി. തുടര്‍ന്ന് രഞ്ജിത്തിന് 5000 രൂപ പിഴ വിധിച്ചു.
തുക രഞ്ജിത്ത് ഓഫീസിലടച്ചു. ഇനി ഇത്തരം സംഭവത്തില്‍ പ്രതിയായാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി നേരിടേണ്ടി വരുമെന്നു താക്കീതു ചെയ്ത് അവര്‍ രഞ്ജിത്തിനെ ഉപദേശിച്ചുവിട്ടു.
പലനാള്‍ കള്ളന്‍ ഒരു നാള്‍ കുടുങ്ങുമെന്നു ഭാസ്‌കര നഗര്‍ ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും ആശ്വാസം പ്രകടിപ്പിച്ചു.
വൃത്തിയുള്ള നാടിനും ശുദ്ധമായ അന്തരീക്ഷത്തിനും എല്ലാവരും ജാഗ്രത പാലിക്കാന്‍ നാട്ടുകാര്‍ ഉപദേശിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page