വൊര്‍ക്കാടി, ബാക്രബയലില്‍ പന്നിയെ പിടികൂടാന്‍ കൂടുതല്‍ കെണികള്‍ സ്ഥാപിച്ചിട്ടുള്ളതായി സംശയം; പൊലീസ് തെരച്ചില്‍ ആരംഭിച്ചു, അപകടത്തിനു സാധ്യത ഉള്ളതിനാല്‍ തെരച്ചില്‍ കരുതലോടെ

കാസര്‍കോട്: കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ വൊര്‍ക്കാടി, ബാക്രബയല്‍, കജെയില്‍ പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച കൂടുതല്‍ പന്നിക്കെണികള്‍ ഉള്ളതായുള്ള സംശയത്തെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ ആരംഭിച്ചു. അതീവ ജാഗ്രതയോടെയും കരുതലോടെയുമാണ് തെരച്ചില്‍ നടക്കുന്നത്. ഫോറന്‍സിക്, ബോംബ് സ്‌ക്വാഡുകളുടെ സഹായത്തോടെയാണ് തെരച്ചില്‍.
ഞായറാഴ്ച രാത്രി കജെയിലെ മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ കുന്നിന്‍ മുകളില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കളെയും കൂട്ടി തെരച്ചില്‍ നടത്തുന്നതിനിടയില്‍ സവാദി(23)നു വെടിയേറ്റിരുന്നു. ഇയാള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ തുടയിലാണ് വെടിയേറ്റത്. വിവരമറിഞ്ഞ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം നടത്തിയ പ്രാഥമിക പരിശോധനയില്‍ എലിക്കെണിയും ഇരുമ്പു പൈപ്പും ഉപയോഗിച്ച് തയ്യാറാക്കിയ തോക്കു പോലുള്ള ഉപകരണം മരത്തില്‍ ഘടിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മനുഷ്യജീവനു ഭീഷണിയായ ‘കെണി’ ആരാണ് മരത്തില്‍ സ്ഥാപിച്ചതെന്നു കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശമായതിനാല്‍ കര്‍ണ്ണാടകയില്‍ നിന്നു എത്തിയ സംഘമാണോ കെണി സ്ഥാപിച്ചതെന്നു സംശയിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page