തമിഴ് സിനിമ ‘ഡ്രാഗണെ’ അനുകരിച്ച് ആൾമാറാട്ടം; തട്ടിപ്പിലൂടെ യുവാവ് ഇൻഫോസിസിൽ ജോലി നേടി

ഹൈദരാബാദ്: സിനിമയെ അനുകരിച്ച് ആൾമാറാട്ടം നടത്തിയ യുവാവ് ഇൻഫോസിസിൽ ജോലി നേടി. തെലങ്കാന സ്വദേശി രാപ സായി പ്രശാന്താണ് തട്ടിപ്പു നടത്തിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇൻഫോസിസിലേക്കു ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന സംപ്രദ സോഫ്റ്റ് വെയർ ടെക്നോളജീസ് എന്ന കമ്പനിയുടെ പരാതിയിന്മേലാണ് നടപടി.
പ്രദീപ് രംഗനാഥൻ തിരക്കഥയെഴുതി നായകനായ സൂപ്പർഹിറ്റ് തമിഴ് ചിത്രം ഡ്രാഗണെ അനുകരിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയത്. ജോബ് പോർട്ടലിലൂടെയാണ് ഇയാൾ കമ്പനിയെ സമീപിച്ചത്. ജോലിക്കായി ബയോഡാറ്റയും വിവരങ്ങളും നൽകി. രേഖകൾ പരിശോധിച്ച കമ്പനി അപേക്ഷ ഇൻഫോസിസിനു കൈമാറി. എന്നാൽ ഇൻഫോസിസ് നടത്തിയ വെർച്വൽ അഭിമുഖത്തിൽ പ്രശാന്തിനു പകരം സുഹൃത്ത് പങ്കെടുക്കുകയായിരുന്നു. അഭിമുഖത്തിൽ സുഹൃത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ പ്രശാന്തിനു ഓഫർ ലെറ്റർ ലഭിച്ചു. എന്നാൽ ജോലിക്കു കയറി 15 ദിവസം പിന്നിട്ടപ്പോഴേക്കും പ്രശാന്തിന്റെ പെരുമാറ്റത്തിൽ സഹജീവനക്കാർക്കു സംശയം തോന്നി ഇതോടെയാണ് തട്ടിപ്പു പുറത്തായത്. അഭിമുഖത്തിൽ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും ഇംഗ്ലിഷ് സംസാരിച്ച പ്രശാന്തിനു ഓഫിസിൽ അതു കഴിയാതെ വന്നതാണ് സംശയത്തിനു ഇടയാക്കിയത്. ഇതോടെ വെർച്വൽ അഭിമുഖത്തിന്റെ സ്ക്രീൻ ഷോട്ടുകൾ പരിശോധിച്ച അധികൃതർ ആൾമാറാട്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.
പിടിക്കപ്പെട്ടതിനു പിന്നാലെ ഹൈദരാബാദിലേക്കു മടങ്ങിയ ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page