അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിന് എത്തിയ അതിഥി തൊഴിലാളിയെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവതികളടക്കം 3 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: അസാന്മാര്‍ഗിക പ്രവൃത്തിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശിക്കു കുത്തേറ്റു. കണ്ണൂര്‍ നഗരത്തിലെ ഹോട്ടല്‍ തൊഴിലാളിയായ രഞ്ജിത്ത് മങ്കാര്‍ (40)ക്കാണ് കുത്തേറ്റത്. ഇയാളെ കുടല്‍മാല പുറത്തേക്ക് ചാടിയ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം, വെഞ്ഞാറമൂട്, വേളാവൂര്‍ സ്വദേശി മുത്തു (37), കണ്ണൂര്‍, ആയിക്കരയിലെ ഫാസില (41), കൊല്ലം സ്വദേശിനിയും കക്കാട് താമസക്കാരിയുമായ സഫൂറ (42) എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ കവാടത്തിനു മുന്നില്‍ വച്ചാണ് അക്രമം നടന്നത്. കുടല്‍മാല ചാടിയ നിലയില്‍ റോഡിലാണ് യുവാവിനെ കണ്ടെത്തിയത്. യുവതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. ലൈംഗികോദ്യേശത്തോടെ യുവതികളെ സമീപിച്ച ഇതര സംസ്ഥാന തൊഴിലാളിയായ രഞ്ജിത്ത് മങ്കാറുമായി കയ്യാങ്കളി ഉണ്ടായി. ഇതിനിടയില്‍ നഫൂറയുടെ കാമുകനായ മുത്തു കത്തി കൊണ്ട് യുവാവിന്റെ വയറ്റില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുത്തു സ്ഥലത്തു നിന്നു ഓടിപ്പോയെങ്കിലും യുവതികള്‍ സ്ഥലത്തു തന്നെ നിന്നു. സംശയം തോന്നിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അക്രമത്തിനു പിന്നില്‍ മുത്തുവാണെന്നു മനസ്സിലായത്. രാത്രികാലങ്ങളില്‍ പൊതുശല്യമാകുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്ഐമാരായ അനുരൂപ്, ദിപ്തി വി.വി, വിനോദ് തുടങ്ങിയവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page