മയക്കുമരുന്നു കേസിലെ വാറന്റ് പ്രതിയായ നവവരന്‍ അറസ്റ്റില്‍; പിടിയിലായത് ഭാര്യാവീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്ന്, വിനയായത് സോഷ്യല്‍ മീഡിയയില്‍ വന്ന വിവാഹചിത്രം

കാസര്‍കോട്: നിരവധി അബ്കാരി-മയക്കുമരുന്നു കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന നവവരന്‍ അറസ്റ്റില്‍. പെര്‍മുദെ, കുടാല്‍മേര്‍ക്കള, എടക്കാനയിലെ വിഷുകുമാറി(34)നെയാണ് കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. അനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ബേള, ധര്‍ബ്ബത്തടുക്കയിലെ ഭാര്യാവീട്ടില്‍ വച്ചാണ് അറസ്റ്റ്. എക്‌സൈസ് സംഘം എത്തുമ്പോള്‍ കിടപ്പുമുറിയിലെ കട്ടിലിനു കീഴില്‍ പതുങ്ങി കിടക്കുകയായിരുന്നു പ്രതിയെന്നു അധികൃതര്‍ പറഞ്ഞു. 2019, 2021, 2023 വര്‍ഷങ്ങളിലെ അബ്കാരി, എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ വിഷുകുമാറിനെതിരെ വാറന്റുള്ളതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കര്‍ണ്ണാടകയിലും മറ്റും ഒളിവിലായിരുന്ന പ്രതിയെ തേടി അന്വേഷണ സംഘം പലതവണ ശ്രമിച്ചിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടയിലാണ് ഒരു തുറുപ്പു ചീട്ടെന്ന നിലയില്‍ ഒരു വിവാഹ ഫോട്ടോ സമൂഹ്യമാധ്യമത്തില്‍ എക്‌സൈസ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ഒരു ക്ഷേത്രത്തില്‍ വച്ചാണ് വിഷുകുമാറിന്റെ കല്യാണം കഴിഞ്ഞതെന്നു വ്യക്തമായി. അന്വേഷണത്തിനൊടുവില്‍ എക്‌സൈസ് സംഘം കല്യാണം നടന്ന ക്ഷേത്രം തിരിച്ചറിയുകയും ഭാരവാഹികളുമായി സംസാരിക്കുകയും ചെയ്തു. മാര്‍ച്ച് ആദ്യവാരത്തില്‍ യുവതി-യുവാക്കള്‍ പരസ്പരം മാല ചാര്‍ത്തി വിവാഹം ചെയ്തിരുന്നതായാണ് ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ വിവരം. രേഖകള്‍ ഒന്നും ഹാജരാക്കാത്തതിനാല്‍ വിവാഹം രജിസ്റ്ററില്‍ ചേര്‍ത്തിരുന്നില്ലെന്നും വ്യക്തമാക്കി. ഇതോടെ വിവാഹഫോട്ടോ അബ്കാരി കേസ് പ്രതിയുടേതാണെന്നു ഉറപ്പിച്ച എക്‌സൈസ് സംഘം ഭാര്യയെ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു. ഒടുവില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് ഉദ്യോഗസ്ഥര്‍ ധര്‍ബ്ബത്തടുക്കയിലെ ഭാര്യാവീട്ടിലെത്തി വിഷുകുമാറിനെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. പീതാംബരന്‍, സിഇഒമാരായ എംഎം അഖിലേഷ്, കെ. സുര്‍ജിത്ത്, ഡ്രൈവര്‍ പി. പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page