പഹല്‍ഗാം ഭീകരാക്രമണം; പാകിസ്ഥാന്റെ പങ്ക് വ്യക്തം, കനത്ത മറുപടി പറയാന്‍ ഇന്ത്യ ഒരുങ്ങുന്നു, നയതന്ത്ര ബന്ധം വിഛേദിച്ചേക്കും, നദീജല കരാര്‍ ഉപേക്ഷിച്ചേക്കും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ സുപ്രധാന നീക്കവുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാര്‍ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ നടപ്പിലാക്കുകയെന്നാണ് സൂചന. ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. ഇന്ത്യക്കാരുടെ പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവന്നേക്കും. പാകിസ്ഥാനില്‍നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിച്ചേക്കും. പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് നയതന്ത്രതലത്തില്‍ കൂടുതല്‍ നടപടികളും ഉണ്ടാകുമെന്നാണ് സൂചന. അടുത്ത നടപടി എന്ത് വേണമെന്ന് തീരുമാനിക്കാനുള്ള സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി യോഗം ഇന്ന് വൈകിട്ട് ആറുമണിക്ക് നടക്കും. ഇതിന് ശേഷമാകും തീരുമാനം ഉണ്ടാവുക. ലഷ്‌ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയ 4 ടിആര്‍എഫ് ഭീകരരുടെ ചിത്രം പുറത്ത് വിട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page