കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഗ്രീന്‍വുഡ് കോളേജിലെ പ്രിന്‍സിപ്പല്‍ പി അജീഷിന് സസ്‌പെന്‍ഷന്‍

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗ്രീന്‍വുഡ് കോളജിലെ പ്രിന്‍സിപ്പല്‍ പി അജീഷിനെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ പൊലീസ് കേസടുത്തതിന് പിന്നാലെയാണ് കോളേജിന്റെ നടപടി. ഇ-മെയിലിലൂടെ അയച്ച ചോദ്യപേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരസ്യപ്പെടുത്തിയെന്ന് പി അജീഷിനെതിരെ എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നുണ്ട്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു പ്രിന്‍സിപ്പലിനെതിരെ കേസെടുത്തത്. പ്രിന്‍സിപ്പല്‍ സര്‍വകലാശാലയെ വഞ്ചിച്ചെന്നും എഫ്‌ഐആറിലുണ്ട്. ബുധനാഴ്ച അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയും, വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
സര്‍വകലാശാല രണ്ടുമണിക്കൂര്‍ മുന്‍പ് മെയില്‍ ചെയ്തുകൊടുക്കുന്ന ചോദ്യക്കടലാസ് തുറക്കാനുള്ള പാസ് വേര്‍ഡ് ഒരുമണിക്കൂര്‍ മുന്‍പാണ് നല്‍കുക. പാസ് വേര്‍ഡ് കിട്ടിയയുടന്‍ പ്രിന്‍സിപ്പല്‍ കുറച്ച് ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്ന് വിദ്യാര്‍ഥി തെളിവുസഹിതം സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നിഷേധിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദമായതോടെ എല്ലാ പരീക്ഷാ സെന്ററുകളിലും നിരീക്ഷകരെ നിയോഗിക്കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഓരോ നിരീക്ഷരെ നിയോഗിക്കും. ഇമെയിലില്‍ നിന്ന് ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇവരുടെ സാന്നിധ്യം ഉറപ്പാക്കും. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍ വുഡ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും നടത്താനും യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയതോടെ കോളജില്‍ നിന്ന് കാസര്‍കോട് ഗവ. കോളജിലേക്ക് പരീക്ഷാ സെന്റര്‍ മാറ്റിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page