കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് ദുബായ് രജിസ്‌ട്രേഷന്‍ ഉള്ളതടക്കം രണ്ടു കാറുകള്‍ കസ്റ്റഡിയിലെടുത്തു. മാന്യ, ബേള, ഉള്ളോടിയിലെ ഗോപാല (60)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 മണിയോടെ ബദിയഡുക്ക-കുമ്പള കെ.എസ്.ടി.പി റോഡില്‍ നീര്‍ച്ചാല്‍, വിഷ്ണുമൂര്‍ത്തി നഗറിലാണ് അപകടം ഉണ്ടായത്. ബദിയഡുക്ക ഭാഗത്തു നിന്നു കുമ്പള പോവുകയായിരുന്നു കാറുകള്‍. കാറുകളില്‍ ഒന്നിടിച്ചാണ് ഗോപാല തെറിച്ചുവീണത്. ഇതിനിടയില്‍ തൊട്ടുപിന്നാലെ എത്തിയ മറ്റൊരു കാര്‍ വീണു കിടക്കുകയായിരുന്ന ഗോപാലയുടെ ദേഹത്തു കൂടി കയറി ഇറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാലയെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ രണ്ടു കാറുകളും ബദിയഡുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബേബിയാണ് മരണപ്പെട്ട ഗോപാലയുടെ ഭാര്യ. മക്കള്‍: സഞ്ജന്‍, സഹാന. സഹോദരങ്ങള്‍: ഹേമാനന്ദ, ഉഷാകുമാരി, സരസ്വതി, കവിത.
