പെരുമ്പള പാലത്തില്‍ നിന്നു ചന്ദ്രഗിരി പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കാരണം അറിയാതെ നാട് കണ്ണീരില്‍

കാസര്‍കോട്: പെരുമ്പള പാലത്തിനു മുകളില്‍ നിന്നു ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്കള, പടിഞ്ഞാര്‍മൂല ബാഫഖി നഗറിലെ പരേതനായ കണ്ണരം മുഹമ്മദിന്റെ മകന്‍ കെ.എം ഷരീഫി(45)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 9 മണിയോടെ പാലത്തിനു സമീപത്തു പുഴയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഷരീഫിന്റെ സ്‌കൂട്ടറും ചെരുപ്പും പാലത്തിനു മുകളില്‍ കാണപ്പെട്ടത്. ഇതോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയിരിക്കാമെന്ന സംശയം ഉയര്‍ന്നത്. സമീപത്തു മീന്‍ പിടിച്ചു കൊണ്ടിരുന്നവരും പുഴയിലേക്ക് എന്തോ വീഴുന്നതിന്റെ ശബ്ദം കേട്ടിരുന്നതായി പറഞ്ഞിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ. ഹര്‍ഷയുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സും എത്തി തെരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ തെരച്ചില്‍ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
മാതാവ്: റുഖിയ. ഭാര്യ: സുഹ്‌റ. മക്കള്‍: സന ഫാത്തിമ, ജുനൈദ്, ഫാത്തിമ, ഇജാസ്. സഹോദരങ്ങള്‍: അഷ്‌റഫ്, സലാം, ലത്തീഫ്, മൊയ്തീന്‍, ഷംസീര്‍, സുഹ്‌റ, റാബിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page