മഞ്ചേശ്വരത്ത് താമസക്കാരിയായ 20കാരിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗത്തിനു ഇരയാക്കി; ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പശ്ചിമബംഗാള്‍ സ്വദേശിനിയായ 20കാരിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. സാരമായി പരിക്കേറ്റ യുവതിയെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി നേത്രാവതി പുഴയുടെ തീരത്ത് ഉള്ളാള്‍, കൊട്ടാരമൂലെയിലെ ആള്‍താമസമില്ലാത്ത വീട്ടിലാണ് കൂട്ടബലാത്സംഗം നടന്നത്.
സംഭവത്തില്‍ കേസെടുത്ത ഉള്ളാള്‍ പൊലീസ് മുല്‍ക്കി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പ്രഭുരാജ് (38), സുഹൃത്തുക്കളായ കുംപെളയിലെ ഇലക്ട്രീഷ്യന്‍ മിഥുന്‍(37), മംഗ്‌ളൂരുവിലെ മനീഷ് (30) എന്നിവരെ അറസ്റ്റു ചെയ്തു. ദേര്‍ളക്കട്ട ആശുപത്രിയില്‍ കഴിയുന്ന യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി നടന്ന സംഭവത്തെ കുറിച്ച് പൊലീസ് അധികൃതര്‍ പറയുന്നത് ഇങ്ങനെ-‘മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഫാക്ടറി തൊഴിലാളിയാണ് പീഡനത്തിനിരയായ പശ്ചിമബംഗാള്‍ സ്വദേശിനി. ബുധനാഴ്ച യുവതി മറ്റൊരു തൊഴിലാളിസുഹൃത്തുമായി മംഗ്‌ളൂരുവിലെത്തി. മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന ജോലി തേടിയായിരുന്നു യാത്ര. മംഗ്‌ളൂരുവില്‍ എത്തിയപ്പോള്‍ യുവതിയും സുഹൃത്തും നിസാര പ്രശ്‌നത്തെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടയില്‍ യുവതിയുടെ ഫോണ്‍ നിലത്തു വീഴുകയും കേടുപാടു സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയും സുഹൃത്തും രണ്ടു വഴിക്കു പിരിഞ്ഞു. ഫോണ്‍ നന്നാക്കുന്നതിനായി നഗരത്തില്‍ അലയുന്നതിനിടയിലാണ് പ്രഭുരാജ് ഓട്ടോയുമായി എത്തിയത്. ഫോണ്‍ നന്നാക്കുന്നതിനു സഹായിക്കാമോ എന്നു ചോദിച്ച യുവതിയെ പ്രഭുരാജ് ഓട്ടോയില്‍ കയറ്റി. യാത്രക്കിടയില്‍ യുവതിയെ കുറിച്ചുള്ള വിവരങ്ങളെല്ലാം ആരാഞ്ഞു. മെച്ചപ്പെട്ട ജോലി ലഭിക്കാന്‍ താന്‍ സഹായിക്കാമെന്നു ഉറപ്പു നല്‍കിയ ശേഷം ഓട്ടോയുമായി നഗരത്തില്‍ കറങ്ങി. സന്ധ്യയോടെയാണ് ഉള്ളാള്‍ ഭാഗത്ത് എത്തിയത്. ആള്‍ താമസമില്ലാത്ത വീട്ടില്‍ എത്തിച്ച ശേഷം യുവതിക്കു മദ്യം നല്‍കി. ഇതിനിടയില്‍ മറ്റു രണ്ടു പ്രതികളായ മിഥുനും മനീഷും സ്ഥലത്തെത്തി. പിന്നീട് എല്ലാവരും ചേര്‍ന്ന് മദ്യപിച്ചു. യുവതി അബോധാവസ്ഥയിലായതോടെയാണ് കൂട്ടബലാത്സംഗം നടത്തിയത്. രാത്രി ഒന്നരമണിയായതോടെ യുവതിക്കു ബോധം തിരികെ ലഭിച്ചു. താന്‍ പീഡനത്തിനു ഇരയായെന്നു ബോധ്യപ്പെട്ട യുവതി ബഹളം വച്ചതോടെ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് അവിടെ നിന്നു അവശതയോടെ നടന്ന യുവതി ഒരു വീട്ടിലെത്തി കോളിംഗ് ബെല്‍ അമര്‍ത്തി. വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ അവശയും അപരിചിതയുമായ യുവതിയെയാണ് കണ്ടത്.
യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. വിവിധ സ്ഥലങ്ങിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞ് കണ്ടെത്തിയത്.’
അതേ സമയം ആശുപത്രിയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ആരായാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page