വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി; നിലവിലെ വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് നിര്‍ദേശം, കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 7 ദിവസം സമയപരിധി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കേന്ദ്രത്തിന് സമയപരിധി അനുവദിച്ച് സുപ്രീംകോടതി. വഖഫ് സ്വത്തില്‍ തല്‍സ്ഥിതി തുടരുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ വഖഫായ സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേന്ദ്രസര്‍ക്കാര്‍ സമയം തേടിയിരുന്നു. രേഖാമൂലം മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഏഴ് ദിവസം സമയം അനുവദിച്ചു. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ വാദം കേള്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അടുത്ത തവണ കേസ് പരിഗണിക്കും വരെ 2025 ലെ നിയമനത്തിന് കീഴിലുള്ള ബോര്‍ഡുകളിലേക്കും കൗണ്‍സിലുകളിലേക്കും ഒരു നിയമനവും നടക്കില്ലെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. വിജ്ഞാപനം വഴി പ്രഖ്യാപിച്ചതോ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോ ആയ വഖഫ് ഉള്‍പ്പെടെയുള്ള വഖഫുകളുടെ സ്റ്റാറ്റസില്‍ മാറ്റം വരുത്തില്ലെന്നും കേന്ദ്രം ഉറപ്പുനല്‍കിയെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അടുത്ത വാദം കേള്‍ക്കുമ്പോള്‍ കോടതിയില്‍ 5 റിട്ട് ഹര്‍ജിക്കാര്‍ മാത്രമേ ഹാജരാകാവൂ. മറ്റുള്ളവ അപേക്ഷകളായി പരിഗണിക്കും അല്ലെങ്കില്‍ തീര്‍പ്പാക്കിയതായി കണക്കാക്കും. കേന്ദ്ര, സംസ്ഥാന, വഖഫ് ബോര്‍ഡുകളും 7 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. നിര്‍ദ്ദേശങ്ങള്‍ക്കും ഇടക്കാല ഉത്തരവുകള്‍ക്കും മാത്രമായിരിക്കും അടുത്ത ദിവസത്തെ വാദം കേള്‍ക്കല്‍ എന്ന് സുപ്രിംകോടതി അറിയിച്ചു. നിയമത്തില്‍ ചില പോസിറ്റീവ് കാര്യങ്ങള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ബഹുമാനത്തോടെയും ആശങ്കയോടെയും ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നുവെന്നും കോടതി നേരിട്ടോ അല്ലാതെയോ സ്റ്റേ പരിഗണിക്കുന്നുവെന്ന് വാദം തുടങ്ങവേ സോളി സിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇത് അപൂര്‍വമാണെന്നും തുഷാര്‍ മേത്ത പറഞ്ഞു. വിശാലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമം കൊണ്ടുവന്നതെന്ന് തുഷാര്‍ മേത്ത പറഞ്ഞു. മേയ് 5ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page