പിണങ്ങിപോയ ഭാര്യയോടുള്ള പ്രതികാരം; 10 വയസ്സുകാരിയായ ഭാര്യാസഹോദരിയെ കഴുത്തുഞെരിച്ചു കൊന്ന് ഓടയില്‍ തള്ളി; ഭാര്യാ പിതാവിനെ കൊല്ലാന്‍ പദ്ധതിയിട്ടതായും യുവാവ്

ഗുരുഗ്രാം: വീടുവിട്ടു പോയ ഭാര്യയോടുള്ള വൈരാഗ്യത്തിനു
യുവാവ് ഭാര്യാസഹോദരിയായ 10 വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
കഴിഞ്ഞ ശനിയാഴ്ചയാണ് 10 വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. കേസെടുത്ത പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ ബന്ധുക്കളെ ചോദ്യം ചെയ്യുന്നതിനിടെ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പിന്നാലെ സഹോദരി ഭര്‍ത്താവായ ബിഹാര്‍ സ്വദേശി മോഹിത് കുമാറിനെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി ഇയാള്‍ കുറ്റസമ്മതം നടത്തി.
6 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മോഹിത്തും പെണ്‍കുട്ടിയുടെ സഹോദരിയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് 6 വയസ്സുള്ള കുട്ടിയുണ്ട്. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് അടുത്തിടെ മോഹിത്തിന്റെ ഭാര്യ വീടുവിട്ടു. പ്രശ്‌നപരിഹാരത്തിനു ഇടപെടണമെന്ന് ഭാര്യയുടെ കുടുംബക്കാരോട് മോഹിത്ത് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ മുഖവിലയ്‌ക്കെടുത്തില്ല. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായത്. ഭാര്യാപിതാവിനെ കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നെങ്കിലും ശ്രമം പാളി. ഇതോടെ കഴിഞ്ഞ ദിവസം ഭാര്യാസഹോദരിയായ 10 വയസ്സുകാരി സോണിയയെ സൗഹൃദം കാട്ടി വീട്ടിലെത്തിച്ച ശേഷം കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി. ബാഗ് സമീപത്തെ ഓടയില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. മോഹിത്തിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page