മുൻ ഗവ.പ്ലീഡർ പി.ജി. മനുവിന്റെ ആത്മഹത്യ; പീഡന പരാതി നൽകിയ സ്ത്രീയുടെ ഭർത്താവ് അറസ്റ്റിൽ, വീഡിയോ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്തു ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് പൊലീസ്

കൊച്ചി: മുൻ ഗവ.പ്ലീഡർ പി.ജി. മനുവിന്റെ ആത്മഹത്യയിൽ ഒരാൾ അറസ്റ്റിൽ. പിറവം സ്വദേശി ജോൺസൺ ജോയി ആണ് അറസ്റ്റിലായത്. ഇയാൾ മനുവിനെതിരേ കഴിഞ്ഞ നവംബറിൽ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. വിഡിയോ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്തു. മനു പണം നല്‍കാത്തതിനെത്തുടര്‍ന്ന് വിഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്നും പൊലീസ് പറയുന്നു. ഇയാളുടെ നിരന്തരസമ്മർദങ്ങളിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്നാണ് ആരോപണം. ഇയാളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത്. മനുവും കുടുംബവും മാപ്പപേക്ഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്.എറണാകുളം പിറവത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ 13 ആം തിയ്യതിയാണ് ഗവ. മുൻ പ്ലീഡർ പി.ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലത്തെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി കൊല്ലത്ത് എത്തിയതായിരുന്നു. സംഭവത്തിൽ കൃത്യമായ ഗൂഢാലോചന ഉണ്ടായതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്ന് ലഭിക്കുന്ന വിവരം.നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്നു പി.ജി. മനു. ഇയാൾക്ക് കർശന വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തിൽ തുടരുന്നതിനിടെയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ പി.ജി. മനുവും സഹോദരിയും ചേർന്ന് ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയിൽ യുവതിയുടെ ഭർത്താവ് എന്ന് കരുതുന്ന ആൾ പി.ജി. മനുവിനോട് ആത്മഹത്യ ചെയ്യാൻ പലതവണ ആവർത്തിച്ച് പറയുന്നുണ്ട്. ഈ വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്നോ ഈ സംഭവത്തിന്റെ മറ്റുവിശദാംശങ്ങളോ ലഭ്യമല്ല. ഈ വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പി ജി മനുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത് പി.ജി. മനുവായിരുന്നു. ഈ കേസിന്റെ ഭാഗമായാണ് പി.ജി. മനു കൊല്ലത്തെത്തി വാടകവീട്ടിൽ താമസം ആരംഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page