വഖഫ് കേസ് സുപ്രീം കോടതിയില്‍; വാദം നാളെയും തുടരും

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം നാളെയും തുടരും. ഇന്ന് ഇടക്കാല ഉത്തരവിലേക്ക് സുപ്രീം കോടതി നീങ്ങിയെങ്കിലും നാളെ കൂടി വാദം കേട്ട ശേഷം ഇടക്കാല ഉത്തരവിറക്കാം എന്ന് വ്യക്തമാക്കുകയായിരുന്നു.
നാളെ രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരില്‍ മൂന്ന് അഭിഭാഷകര്‍ക്ക് മാത്രമേ വാദിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തി. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്നാണ് പ്രധാന പരാമര്‍ശം. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അതല്ലാതാക്കരുത്. വഖഫ് കൗണ്‍സിലില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവര്‍ മുസ്ലിംങ്ങള്‍ തന്നെയാകണം എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കളക്ടര്‍മാര്‍ക്ക് വഖഫ് ഭൂമികളില്‍ അന്വേഷണം നടത്താം, പക്ഷെ അന്വേഷണം നടക്കുമ്പോള്‍ വഖഫ് സ്വത്തുക്കള്‍ അതല്ലാതാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വഖഫിന്റെ ഭരണപരമായ കാര്യങ്ങള്‍ ആചാരവുമായി കൂട്ടിക്കുഴക്കരുതെന്ന് സുപ്രീം കോടതി എടുത്ത് പറഞ്ഞു. വിഷയം സുപ്രീം കോടതി പരിഗണിക്കണോ അതോ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടണോ എന്ന വാദവും ഉയര്‍ന്നു. എന്നാല്‍ വിഷയം സുപ്രീം കോടതി തന്നെ കേള്‍ക്കണമെന്നായിരുന്നു അഭിഭാഷകരെല്ലാം ആവശ്യപ്പെട്ടത്.
വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗിന്റെ ഹര്‍ജിയാണ് പരിഗണിക്കുന്നത്. കപില്‍ സിബലാണ് ലീഗിന് വേണ്ടി വാദങ്ങള്‍ ഉന്നയിച്ചത്. സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളോ ഉത്തരവുകളോ റദ്ദാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page