കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് സി.പി.എമ്മിന്റെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ജില്ലയെ നയിക്കാന്‍ രാഗേഷിനെ തിരഞ്ഞെടുത്തത്. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. എം. പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.വി ജയരാജന്‍ സ്വാഗതം പറഞ്ഞു.
കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയാണ് രാഗേഷ്. സി. ശ്രീധരന്റെയും കര്‍ഷക തൊഴിലാളിയായ കെ.കെ യശോദയുടെയും മകനായ അദേഹം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയരംഗത്ത് കടന്നുവന്ന രാഗേഷ് അഖിലേന്ത്യ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2015 മുതല്‍ 21 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ച അദേഹം അഖിലേന്ത്യ കിസാന്‍സഭ ജോയിന്റ് സെക്രട്ടറിയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയാണ് രാഗേഷ്. നിലവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയാണ്. ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവി രാജിവെക്കും. തളിപ്പറമ്പിലെ പ്രിയ വര്‍ഗീസാണ് ഭാര്യ. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ടി.വി രാജേഷിന്റെയും എം. പ്രകാശന്റെയും പേരുകള്‍ കേട്ടിരുന്നെങ്കിലും അവസാന നിമിഷം രാഗേഷിന് നറുക്ക് വീഴുകയായിരുന്നു. പുതിയകാലത്തെ പാര്‍ട്ടിയെ നയിക്കാന്‍ രാഗേഷിനാണ് കൂടുതല്‍ സാധ്യത എന്നു കണ്ടെത്തിയായിരുന്നു അദേഹത്തെ തിരഞ്ഞെടുത്തത്.
