കോഴിക്കോട്: പിക്കപ്പിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവുമായി മൂന്ന് ബദിയഡുക്ക സ്വദേശികൾ അറസ്റ്റിൽ. ബാറടുക്കയിലെ ശ്രീജിത്ത് (20), മാന്യ , ഉള്ളോടി ഹൗസിൽ കെ. കൃതിഗുരു (32), ഫാത്തിമ മൻസിലിൽ മുഹമ്മദ് അഷ്റഫ് (37) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ പിടി കൂടിയത്. സീറ്റിനടിയിൽ സൂക്ഷിച്ചു വച്ച നിലയിലായിരുന്നു കഞ്ചാവ്. ശ്രീജിത്ത് നേരത്തെ ഫറോക്കിൽ ഒൻപതു കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശിൽനിന്നു എത്തിക്കുന്ന കഞ്ചാവ് കാസർകോട്ടെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ച ശേഷം കോഴിക്കോട്ടേക്കും മറ്റും വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്നു അധികൃതർ പറഞ്ഞു. പിടിയിലായ മുഹമ്മദ് അഷ്റഫ് അടുത്ത കാലത്താണ് ബദിയഡുക്കയിൽ താമസം തുടങ്ങിയതെന്നു പറയുന്നു. പ്രതികളെ കുറിച്ച് ബദിയഡുക്ക പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഘം പിടിയിലായത്.
