കണ്ണൂര്‍: പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസ് മോഷ്ടിച്ചുകടത്തവേ അപകടം. 23 കാരന്‍ പിടിയില്‍. വയനാട് പുല്‍പ്പള്ളി സ്വദേശി കെ. വിശാഖാണ് (23) ആഗ്രഹം മൂത്ത് പുലിവാല്‍ പിടിച്ചത്. വിഷു ദിവസം രാത്രി പറശനിക്കടവിലാണ് സംഭവം നടന്നത്. വയനാട്ടില്‍ നിന്ന് പറശിനിയിലെത്തിയ യുവാവിന് ഒരാഗ്രഹം. ബസോടിക്കണം, പെട്രോള്‍പമ്പില്‍ ബസുകള്‍ നിരത്തി നിര്‍ത്തിയിട്ടത് കണ്ടപ്പോള്‍ ആഗ്രഹം മൂത്തു. മദ്യലഹരിയിലായിരുന്നു യുവാവ്. മമ്പാലയിലെ പെട്രോള്‍പമ്പില്‍ പത്തോളം ബസുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. സാധാരണ ബസ് ജീവനക്കാര്‍ താക്കോല്‍ സൂക്ഷിക്കുന്ന ഇടങ്ങളെ കുറിച്ച് യുവാവിന് ധാരണയുണ്ടായിരുന്നു. ഇതുപ്രകാരം ബസുകളില്‍ തിരച്ചില്‍ നടത്തി. ഇതിനിടെ ഒരു ബസിന്റെ താക്കോല്‍ ലഭിച്ചു. പിന്നെ ഒന്നും നോക്കിയില്ല. ബസെടുത്ത് ധര്‍മ്മശാല വഴി കണ്ണൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോയി. മാങ്ങാട് മന്ന മഖാമിന് സമീപം ദേശീയപാതയുടെ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. റോഡില്‍ സുരക്ഷക്കായി ഡിവൈഡറുകളും നിരത്തിയിരുന്നു ഇവിടെ. നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഡിവൈഡറിലിടിച്ച ബസ് ഒരുവശത്തേക്ക് ചെരിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍.
ബസിന്റെ പിറകില്‍ പറശിനിക്കടവ് മുതല്‍ തന്നെ ഉണ്ടായിരുന്ന കാര്‍ യാത്രികര്‍ക്ക് എന്തോ പന്തികേട് തോന്നിയിരുന്നു. ബസ് അപകടത്തില്‍പെട്ടതോടെ കാര്‍ യാത്രികരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി തളിപ്പറമ്പ പൊലീസില്‍ ഏല്‍പ്പിച്ചു. എസ്.ഐ പ്രകാശന്റെ നേതൃത്വത്തില്‍ പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മാങ്കടവ് സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ബസാണ് മോഷ്ടിച്ചു കറങ്ങാന്‍ ശ്രമിച്ചത്.
