മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലെറിഞ്ഞ കേസ്; 2 പേർ പിടിയിൽ

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍ അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയില്‍ ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കാണപ്പെട്ട കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട്ട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫി(52)നെ കഴിഞ്ഞദിവസം സന്ധ്യയോടെയാണ് മാഞ്ഞിമ്ഗുണ്ടൈയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കിണറിനു സമീപത്ത് കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള ഓട്ടോ ചെരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. കിണറ്റിനു അരികില്‍ ചോര പറ്റിയ തുണികളും ചെരുപ്പും പഴ്‌സും കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പഴ്‌സ് പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള ഫോട്ടോയും രേഖകളും കണ്ടെടുത്തത്. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് കര്‍ണ്ണാടക, മുല്‍ക്കി പൊലീസിനെ അറിയിച്ചു. ഈ സമയത്താണ് മുഹമ്മദ് ഷരീഫിനെ കാണാതായതിനു കേസുള്ളതായി വ്യക്തമായത്. വിവരമറിഞ്ഞ് ബന്ധുക്കളെത്തി ഓട്ടോ കാണാതായ ആളുടേതാണെന്നു സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ പുറത്തെടുത്ത മൃതദേഹത്തില്‍ വെട്ടേറ്റ മുറിവുകള്‍ കണ്ടെത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page