കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍ അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയില്‍ ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കാണപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. മംഗ്ളൂരു, സുരത്ക്കല്ല്, കല്ലാപ്പുവിലെ അഭിക്ഷക് ഷെട്ടി (25) യെ ആണ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ ഇ. അനൂപ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. സ്കൂൾ ബസിലെ ഡ്രൈവറായിരുന്നു അഭിഷേക് ഷെട്ടി. ഇയാളുടെ ബസിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയും സ്കൂൾ ബസിലെ ജോലി പോയതും സംബന്ധിച്ച വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു.കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട്ട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫി(52)നെ വ്യാഴാഴ്ച സന്ധ്യയോടെയാണ് മാഞ്ഞിമ്ഗുണ്ടൈയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കിണറിനു സമീപത്ത് കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള ഓട്ടോ റിക്ഷ ചെരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. കിണറ്റിനു അരികില്‍ ചോര പറ്റിയ തുണികളും ചെരുപ്പും പഴ്‌സും കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പഴ്‌സ് പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള ഫോട്ടോയും രേഖകളും കണ്ടെടുത്തത്. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് കര്‍ണ്ണാടക, മുല്‍ക്കി പൊലീസിനെ അറിയിച്ചു. ഈ സമയത്താണ് മുഹമ്മദ് ഷരീഫിനെ കാണാതായതിനു കേസുള്ളതായി വ്യക്തമായത്. വിവരമറിഞ്ഞ് ബന്ധുക്കളെത്തി ഓട്ടോ കാണാതായ ആളുടേതാണെന്നു സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ പുറത്തെടുത്ത മൃതദേഹത്തില്‍ വെട്ടേറ്റ മുറിവുകള്‍ കണ്ടെത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. അറസ്റ്റിലായ പ്രതിയുടെ പിതാവും മറ്റൊരു കൊലക്കേസിൽ പ്രതിയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മുഹമ്മദ് ഷെരീഫിനെ തന്ത്രപൂർവ്വം കുഞ്ചത്തൂരിലെത്തിച്ചാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു.സി.സി.ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് കൊലയാളിയെ തിരിച്ചറിയാൻ സഹായിച്ചതെന്നു പൊലീസ് കൂട്ടിച്ചേർത്തു.
