മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടത് കഴുത്തിനും തലയുടെ പിന്‍ഭാഗത്തും വെട്ടേറ്റതു മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കൊലയാളികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി, നിരവധി പേരെ ചോദ്യം ചെയ്തു, കര്‍ണ്ണാടക പൊലീസും അന്വേഷണം തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍ അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയില്‍ ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. കഴുത്തിനും തലയുടെ പിന്‍ഭാഗത്തും ആഴത്തില്‍ വെട്ടേറ്റതാണ് മരണകാരണമെന്നു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.
കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട്ട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫി(52)നെ വ്യാഴാഴ്ച സന്ധ്യയോടെയാണ് മാഞ്ഞിമ്ഗുണ്ടൈയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കിണറിനു സമീപത്ത് കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള ഓട്ടോ റിക്ഷ ചെരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. കിണറ്റിനു അരികില്‍ ചോര പറ്റിയ തുണികളും ചെരുപ്പും പഴ്‌സും കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പഴ്‌സ് പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള ഫോട്ടോയും രേഖകളും കണ്ടെടുത്തത്. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് കര്‍ണ്ണാടക, മുല്‍ക്കി പൊലീസിനെ അറിയിച്ചു. ഈ സമയത്താണ് മുഹമ്മദ് ഷരീഫിനെ കാണാതായതിനു കേസുള്ളതായി വ്യക്തമായത്. വിവരമറിഞ്ഞ് ബന്ധുക്കളെത്തി ഓട്ടോ കാണാതായ ആളുടേതാണെന്നു സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ പുറത്തെടുത്ത മൃതദേഹത്തില്‍ വെട്ടേറ്റ മുറിവുകള്‍ കണ്ടെത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അതേ സമയം കൊലയാളികളെ കണ്ടെത്തുന്നതിനു മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. നിരവധി പേരെ ചോദ്യം ചെയ്തുവെങ്കിലും കൊലയാളികളെ തിരിച്ചറിയുന്നതിനുള്ള സൂചനകളൊന്നും ലഭിച്ചില്ല.
ബുധനാഴ്ച രാത്രി മംഗ്‌ളൂരുവില്‍ നിന്നു മൂന്നു പേര്‍ മുഹമ്മദ് ഷരീഫിന്റെ ഓട്ടോയില്‍ കയറുന്നതു കണ്ടിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മംഗ്‌ളൂരു മുതല്‍ മഞ്ചേശ്വരം വരെ റോഡരുകില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
സ്ഥലത്തെക്കുറിച്ച് നല്ല ധാരണ ഉള്ളവര്‍ തന്നെയായിരിക്കും കൊലപാതകത്തിനു പിന്നിലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് കര്‍ണ്ണാടക പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page