‘കുത്തിവയ്പ് എടുത്തു, പിന്നെ ഉണര്‍ന്നില്ല’: പനിയ്ക്ക് ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം

ആലപ്പുഴ: കായംകുളം എബ്‌നൈസര്‍ ആശുപത്രിയില്‍ പനിക്ക് ചികില്‍സയിലായിരുന്ന ഒന്‍പതു വയസുകാരി മരിച്ചു. ചികില്‍സാ പിഴവ് ആണ് മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കായംകുളം കണ്ണമ്പള്ളി സ്വദേശി അജിത്തിന്റെയും ശരണ്യയുടെയും മകള്‍ ആദിലക്ഷ്മിയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പനിയും വയറുവേദനെയും തുടര്‍ന്ന് എബ്‌നൈസര്‍ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഐസിയുവിലേക്ക് മാറ്റി. രാവിലെ കുത്തിവയ്പ് എടുത്തിരുന്നു. ഇതോടെ ഉറക്കത്തിലായ കുട്ടി ഉണരാതെ വന്നതോടെ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. എട്ടുമണിയോടെ കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിച്ചു. മതിയായ ചികില്‍സ നല്‍കാത്തതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി വളപ്പില്‍ പ്രതിഷേധിച്ചു. രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രി അധികാരികളോട് തട്ടിക്കയറുകയും ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. എന്നാല്‍ ചികിത്സയില്‍ ഒരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് കായംകുളം ഡിവൈഎസ്പി സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കായംകുളം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിലക്ഷ്മി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page