തഹാവൂർ റാണ എന്തിനു കൊച്ചിയിലെത്തി ? നേരറിയാൻ എൻ. ഐ. എ. ചോദ്യം ചെയ്യലിനു ഒരുങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയുടെ കൊച്ചി സന്ദർശനത്തിന്റെ ചുരുളഴിക്കാൻ എൻഐഎ. ഒരുങ്ങുന്നു. കസ്റ്റഡിയിൽ ലഭിച്ചതോടെ ചോദ്യം ചെയ്യലിൽ ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
മുംബൈ ഭീക്രരാക്രമണത്തിനു തൊട്ടു മുൻപാണ് റാണ കൊച്ചിയിലെത്തിയത്. 2008 നവംബർ 26നാണ് 170-ലേറെ പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം ഉണ്ടാകുന്നത്. നവംബർ 16നാണ് റാണ കൊച്ചിയിലെത്തിയത്.താജ് ഹോട്ടലിൽ താമസിച്ച റാണ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഷിപ്പിയാർഡ് ഉൾപ്പെടെ തന്ത്രപ്രധാന സ്ഥലങ്ങൾ സന്ദർശിച്ചതായും അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു.
റാണെയുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം, ആരെയൊക്കെയാണ് കണ്ടത്, പ്രാദേശിക സഹായം ലഭിച്ചിരുന്നുവോ എന്നീ കാര്യങ്ങളാകും എൻഐഎ അന്വേഷിക്കുക. ഈ കാര്യങ്ങളിൽ വ്യക്തത ലഭിച്ചേക്കുമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും അഭിപ്രായപ്പെട്ടു.
റാണയുടെ സന്ദർശനം സംബന്ധിച്ച് കൃത്യമായ തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തിയിരുന്നെങ്കിലും റാണ രാജ്യം വിട്ടത് തിരിച്ചടിയായി. എന്നാൽ ഇതിലേക്കു എത്തിച്ചേരാനുള്ള സുപ്രധാന വഴിയാണ് റാണയുടെ കൈമാറ്റമെന്നും അദ്ദേഹം പറഞ്ഞു.
യുഎസിൽ നിന്നു പ്രത്യേക വിമാനത്തിൽ രാജ്യത്തെത്തിച്ച റാണയെ കോടതി 18 ദിവസത്തേക്കാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മുംബൈയിലേതിനു സമാനമായ ആക്രമങ്ങൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ നടത്താൻ റാണ ആസൂത്രണം ചെയ്തിരുന്നതായി എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സങ്കീർണമായ ഗൂഢാലോചനയുടെ കുരുക്കഴിക്കാൻ റാണയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഒപ്പം മറ്റു നഗരങ്ങളിലെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിനെക്കുറിച്ചും നിർണായക വിവരങ്ങൾ ഇയാളിൽ നിന്നു ലഭിക്കുമെന്നു എൻഐഎ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page