മഞ്ചേശ്വരത്തിനടുത്ത് കിണറിനുള്ളില്‍ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍; കൊലപാതകമെന്നു സംശയം

കാസര്‍കോട്: മഞ്ചേശ്വരം അഡ്ക്കപ്പളളയില്‍ കിണറിനുള്ളില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ ഓട്ടോ കിണറിനടുത്ത് കാണപ്പെട്ടു. മംഗളൂരു മുല്‍ക്കി സ്വദേശി ശരീഫ് ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കിണറിനടുത്ത് നാട്ടുകാര്‍ രാത്രിയില്‍ ചോരപ്പാടു കണ്ടെത്തിയിരുന്നു. ഇതാണ് മരണം കൊലപാതകം ആണോ എന്ന് സംശയത്തിന് ഇടയാക്കിയിട്ടുള്ളത്. ബുധനാഴ്ച രാവിലെയാണ് മുല്‍ക്കിയില്‍ നിന്നു ഇയാളെ കാണാതായതെന്ന് പറയുന്നു. 11 മണിക്ക് ഇയാളെ കണ്ടവരുണ്ടെന്നു സൂചനയുണ്ട്. അതിനുശേഷം ബന്ധുക്കള്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍സ്വിച്ച് ഓഫ് ആണ് എന്നായിരുന്നു മറുപടിയെന്നു പറയുന്നു. വ്യാഴാഴ്ച രാത്രിയാണ് അഡ്കപള്ളയില്‍ ഒരു കിണറ്റിന് സമീപം നാട്ടുകാര്‍ ചോരപ്പാടുകള്‍ കണ്ടത്. അവര്‍ ഇക്കാര്യം ഉടന്‍ പോലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ചോര അടയാളം പരിശോധിച്ച ശേഷം തൊട്ടടുത്തുള്ള കിണറ്റില്‍ നോക്കിയപ്പോഴാണ് ഷെരീഫിന്റെ ജഡം കിണറ്റില്‍ കണ്ടെത്തിയത്. രാത്രി ആയതിനാല്‍ മൃതദേഹം കരക്കെടുത്തിട്ടില്ല. വെള്ളിയാഴ്ച രാവിലെ കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുക്കും. തുടര്‍ന്ന് ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. ഷെരീഫ് മരിച്ച നിലയില്‍ കാണപ്പെട്ട പ്രദേശം വന്‍ ചൂതാട്ട കേന്ദ്രമാണെന്നും സംസാരമുണ്ട്. എന്നാല്‍ ഇക്കാര്യവും സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. വിവരമറിഞ്ഞു നാട്ടുകാര്‍ കൂട്ടമായി സ്ഥലത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page