മഞ്ചേശ്വരത്ത് കിണറ്റിനകത്ത് കാണപ്പെട്ട ഓട്ടോ ഡ്രൈവറുടെ മൃതദേഹത്തില്‍ വെട്ടേറ്റ മുറിവുകള്‍; കൊലപാതകമാണെന്ന് ഉറപ്പിച്ചു, പിന്നില്‍ ഓട്ടോ വാടക വിളിച്ച മൂന്നു പേര്‍

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍, അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയില്‍ ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പുറത്തെടുത്ത മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന കാര്യം പൊലീസ് ഉറപ്പിച്ചത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫി (52)നെ വ്യാഴാഴ്ച സന്ധ്യയോടെയാണ് മാഞ്ഞിമ്ഗുണ്ടയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കിണറിനു സമീപത്ത് ഒരു ഓട്ടോറിക്ഷ ചെരിഞ്ഞു കിടക്കുന്ന നിലയില്‍ കണ്ട വഴി യാത്രക്കാരനാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറ്റിനു അരികില്‍ ചോരത്തുള്ളികളും ചെരുപ്പും കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഓട്ടോയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ടത് മുഹമ്മദ് ഷെരീഫ് ആണെന്നു സ്ഥിരീകരിച്ചത്. ബുധനാഴ്ച രാത്രി മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇതു സംബന്ധിച്ച് മുല്‍ക്കി പൊലീസില്‍ കേസുണ്ടെന്നും കണ്ടെത്തി. വിവരമറിഞ്ഞ് കുഞ്ചത്തൂരിലെത്തിയ ബന്ധുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ഓട്ടോ മുഹമ്മദ് ഷരീഫിന്റേതാണെന്നു സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം ഫയര്‍ഫോഴ്‌സാണ് മൃതദേഹം കരയ്ക്കു കയറ്റിയത്. ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍ ഇ അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ഈ സമയത്താണ് മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ നിരവധി കണ്ടെത്തിയത്. കൊലയാളികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


കൊലപാതകത്തിനു പിന്നില്‍ മൂന്നു പേരാണെന്നാണ് പുറത്തുവന്ന പ്രാഥമിക വിവരം. ബുധനാഴ്ച രാത്രി 10 മണിയോടെ മൂന്നു പേര്‍ മംഗ്‌ളൂരുവില്‍ വച്ച് മുഹമ്മദ് ഷരീഫിന്റെ ഓട്ടോയില്‍ കയറിയിരുന്നു. ഇക്കാര്യം ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവര്‍ ആരാണെന്നു കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കുഞ്ചത്തൂര്‍ എത്തിച്ചതിനു ശേഷമാണോ കൊലപാതകം നടത്തിയതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സാധാരണ ഗതിയില്‍ രാത്രി 10 മണിക്കു മുമ്പ് മുഹമ്മദ് ഷരീഫ് ഓട്ടം അവസാനിപ്പിച്ച് ഓട്ടോയുമായി വീട്ടില്‍ എത്താറുണ്ട്. എന്നാല്‍ വ്യാഴാഴ്ച രാവിലെ വരെ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ മുല്‍ക്കി പൊലീസില്‍ പരാതി നല്‍കിയത്. ഭാര്യ: സൈയ്ദ. മക്കള്‍: നൗഷാദ്, ആഷിഫ്, അഫ്രീദ്. സഹോദരങ്ങള്‍: ഫക്കീറബ്ബ, ഇസ്മയില്‍, മുഹ് യുദ്ദീന്‍, നഫീസ, സാറാമ്മ, ജമീല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page