കേസില്‍ കുടുക്കാന്‍ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ ദേഹത്ത് സ്ഥാപിച്ചു. വ്യാജ പീഡന പരാതി നല്‍കിയ യുവതി അറസ്റ്റില്‍

ലക്‌നൗ: കൂട്ടബലാത്സംഗം ചെയ്തതായും വെടിയേറ്റതായും വ്യാജ പരാതി നല്‍കിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 30 വയസ്സുകാരിയും വ്യാജ തെളിവുകള്‍ നിര്‍മിക്കാന്‍ കൂട്ടുനിന്ന ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് അറസ്റ്റിലായത്. മൂവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് കേസിനാസ്പദമായ സംഭവം.
മാര്‍ച്ച് 30നാണ് കൂട്ടബലാത്സംഗത്തിനു ഇരയായതായും വെടിയേറ്റെന്നും ചൂണ്ടിക്കാട്ടി യുവതി ആശുപത്രിയില്‍ ചികിത്സ തേടിയത്. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മടങ്ങുംവഴി അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും വെടിവെച്ച് പരിക്കേല്‍പ്പിച്ചതായും ആരോപിച്ച് പൊലീസിനു പരാതി ലഭിച്ചു. കൃത്യത്തിനു ശേഷം യുവതിയെ ഉപേക്ഷിച്ചു പ്രതികള്‍ കടന്നു കളഞ്ഞതായും പരാതിയില്‍ പറയുന്നു.
പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കൂടാതെ സ്ത്രീയുടെ വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് പരാതിയിലെ തട്ടിപ്പു പുറത്തുവന്നത്.
യുവതിയുടെ ശരീരത്തില്‍ നിന്നു പുറത്തെടുത്ത ബുളറ്റ് വെടിവെപ്പിലൂടെയല്ല അകത്തെത്തിയതെന്നും ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുകയായിരുന്നുവെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയ വെടിയുണ്ട ശരീരത്തിനുള്ളില്‍ സ്ഥാപിക്കുകയും നാണയം ചൂടാക്കി ദേഹം പൊള്ളിക്കുകയുമായിരുന്നു.
പരാതി കെട്ടിച്ചമച്ചതാണെന്നും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് യുവതിയെ ഇതിനു സഹായിച്ചതെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സംഭവം നടന്ന മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സംഭവം നടന്നതായി ആരോപിക്കുന്ന സമയത്ത് യുവതി സുരക്ഷിതമായി ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്നുവെന്നും കണ്ടെത്തി.
ഒരു ജനപ്രതിനിധിയെയും മകനെയും ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന കേസ് യുവതിക്കെതിരെ നിലവിലുണ്ട്. ഇവരെ വീണ്ടും കുടുക്കാനാണ് വ്യാജ പരാതി നല്‍കിയതെന്നു യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page