ആദൂരില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത് കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ യാസിംഖാനും സംഘവും?; കാറില്‍ നിന്നു 4 ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തു, അന്വേഷണം കര്‍ണ്ണാടക, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലേക്ക്

കാസര്‍കോട്: ആദൂര്‍, ബെള്ളിഗെയില്‍ എക്‌സൈസ് സംഘത്തില്‍ നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടത് കുപ്രസിദ്ധ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ യാസിംഖാനും സംഘവുമാണെന്നു സംശയം. പിടിയിലായ കാറില്‍ ആദൂര്‍ പൊലീസ് വിശദമായി നടത്തിയ പരിശോധനയില്‍ നാല് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയതോടെയാണ് ഈ സംശയം ബലപ്പെട്ടത്. കണ്ടെടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഒന്ന് യാസിംഖാന്റേതാണ്. മറ്റു മൂന്നു കാര്‍ഡുകളില്‍ ഒന്ന് കര്‍ണ്ണാടക സ്വദേശിയുടേതും രണ്ടെണ്ണം മഹാരാഷ്ട്ര സ്വദേശികളുടേതുമാണ്. ബുധനാഴ്ച പുലര്‍ച്ചെ ആദൂര്‍ ചെക്ക് പോസ്റ്റു വഴി വന്ന കാറിനു എക്‌സൈസിന്റെ മെമു ടീം കൈകാണിച്ചിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ മുള്ളേരിയ ഭാഗത്തേക്ക് ഓടി. മയക്കുമരുന്നു കടത്തു സംഘമായിരിക്കാം എന്നു കരുതി എക്‌സൈസ് സംഘം കാറിനെ പിന്തുടര്‍ന്നു. ഇതോടെ കാര്‍ അമിതവേഗതയിലോടി മുള്ളേരിയ-ബദിയഡുക്ക കെ.എസ്.ടി.പി റോഡിലേക്ക് കടന്നു. ഇതിനിടയില്‍ ബെള്ളിഗെയില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ കാര്‍ റോഡരുകിലെ കോണ്‍ക്രീറ്റ് ഭിത്തിയിലിടിച്ചു ടയര്‍ പൊട്ടി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തുന്നതിനിടയില്‍ കാറില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. രണ്ടു പേരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്നാണ് എക്‌സൈസ് വ്യക്തമാക്കിയത്. എന്നാല്‍ നാലു ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തതോടെ കാറിനകത്തു കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവോയെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. എക്‌സൈസ് സംഘം കാറിനകത്തു നടത്തിയ പരിശോധനയില്‍ 140 ഗ്രാം സ്വര്‍ണ്ണം, 339 ഗ്രാം വെള്ളി, ഒരു ലക്ഷത്തിലധികം രൂപ, ചുറ്റിക, വാള്‍, തകര്‍ന്ന പൂട്ട്, ചങ്ങല എന്നിവ കണ്ടെടുത്തിരുന്നു. രക്ഷപ്പെട്ടത് കവര്‍ച്ചക്കാരായിരിക്കുമെന്ന സംശയത്തില്‍ കാറും തൊണ്ടി മുതലുകളും എക്‌സൈസ് അധികൃതര്‍ ആദൂര്‍ പൊലീസിനു കൈമാറി.
കര്‍ണ്ണാടകയില്‍ എവിടെയെങ്കിലും കവര്‍ച്ച നടത്തിയ സംഘം മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് ബെള്ളിഗെയില്‍ അപകടത്തില്‍പ്പെട്ടതെന്ന് കരുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page