മുന്നാട്ട് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് പെട്ടെന്നുണ്ടായ രോഷം കൊണ്ടാണെന്നു മൊഴി; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തില്ല, ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കാസര്‍കോട്: മുന്നാട്, പേര്യ,മണ്ണടുക്കത്ത് പലചരക്കു കട നടത്തുന്ന യുവതിയെ ‘തിന്നര്‍’ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയും വര്‍ഷങ്ങളായി ബേഡകം പൊലീസ് സ്റ്റേഷനു സമീപത്തു താമസിക്കാരനുമായ രാമാമൃത(56)ത്തിന്റെ അറസ്റ്റാണ് ബേഡകം പൊലീസ് ബുധനാഴ്ച രാവിലെ 10 മണിയോടെ രേഖപ്പെടുത്തിയത്. പെട്ടന്നുണ്ടായ പ്രകോപനം മൂലമാണ് തിന്നര്‍ ഉപയോഗിച്ച് തീ കൊളുത്തിയതെന്നാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ ഇതു വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. തിന്നറും പന്തവും ഉപയോഗിച്ച് തീ കൊളുത്തിയത് ആസൂത്രിതമാണെന്നാണ് പൊലീസിന്റെ സംശയം.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതക ശ്രമം നടന്നത്. മണ്ണടുക്കത്ത് അനാദിക്കട നടത്തുന്ന സി.രമിത (30)യാണ് അക്രമത്തിനു ഇരയായത്. സാരമായി പൊള്ളലേറ്റ രമിത മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.
രമിതയുടെ കടയുടെ സമീപത്താണ് രാമാമൃതത്തിന്റെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ ശാല പ്രവര്‍ത്തിക്കുന്നത്. രമിതയെ രാമാമൃത നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ രാമാമൃതത്തെ നേരത്തെ ബേഡകം പൊലീസ് താക്കീതു നല്‍കുകയും കെട്ടിടം ഒഴിയാന്‍ കടയുടമ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് രാമാമൃതത്തെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. വിശദമായ അന്വേഷണം തുടരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page