അല്‍ത്താഫിനെ തേടി സഹോദരങ്ങളെത്തി; കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും മഞ്ചേശ്വരം സ്‌നേഹാലയത്തിനും കാരവല്‍ മീഡിയക്കും നന്ദി പറഞ്ഞ് കുടുംബം

കാസര്‍കോട്: റെയില്‍വെ സ്‌റ്റേഷനില്‍ ദുരിത ജീവിതം നയിക്കുന്നതിനിടയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ മഞ്ചേശ്വരം സ്‌നേഹാലയത്തില്‍ എത്തിയ അല്‍ത്താഫിനെ തേടി സഹോദരങ്ങളെത്തി. അല്‍ത്താഫിനെയും കൊണ്ട് സഹോദരങ്ങളായ തൗഫീഖും ഫാറൂഖും ഉടന്‍ സ്വദേശമായ കര്‍ണ്ണാടക, ഗുണ്ടല്‍പേട്ട്, ഹുസൈന്‍ നഗറിലെ വീട്ടിലേക്ക് മടങ്ങും.
മാര്‍ച്ച് മാസം ആദ്യവാരത്തിലാണ് അല്‍ത്താഫ് കുമ്പള റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ശാരീരികമായ അവശതകള്‍ അനുഭവിച്ചിരുന്ന അല്‍ത്താഫിനു കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരാണ് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നത്. മാര്‍ച്ച് 22ന് റെയില്‍വെ സ്‌റ്റേഷനില്‍ കൂടി നടക്കുന്നതിനിടയില്‍ ഉണ്ടായ വീഴ്ചയില്‍ അല്‍ത്താഫിനു പരിക്കേറ്റു. വിവരമറിഞ്ഞ് എത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ ഇയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

ഓട്ടോ ഡ്രൈവര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരത്തെ സ്‌നേഹാലയം അധികൃതര്‍ കുമ്പളയിലെത്തി അല്‍ത്താഫിനെ കൂട്ടിക്കൊണ്ടു പോയി. ഇതു സംബന്ധിച്ച സചിത്ര വാര്‍ത്ത കാരവല്‍മീഡിയയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത സ്‌നേഹാലയം അധികൃതരും ഓട്ടോ ഡ്രൈവര്‍മാരും കര്‍ണ്ണാടകയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. അങ്ങനെയാണ് ഒരു വര്‍ഷം മുമ്പ് വീടു വിട്ടിറങ്ങിയ അല്‍ത്താഫ് മഞ്ചേശ്വരത്തെ അനാഥാലയത്തില്‍ ഉണ്ടെന്ന കാര്യം അറിഞ്ഞതെന്നു സഹോദരങ്ങളായ തൗഫീഖും ഫാറൂഖും പറഞ്ഞു. സഹോദരനെ സംരക്ഷിച്ചതിനും പരിചരിച്ചതിനും വീണ്ടും കുടുംബത്തിലെത്തിച്ചേരാന്‍ സഹായിച്ചതിനും എല്ലാവരോടും നന്ദിയുണ്ടെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

Congrats Auto Drivers….

RELATED NEWS
Scroll to top

You cannot copy content of this page