ന്യൂഡൽഹി: വഖഫ് ബിൽ രാജ്യസഭയിൽ 128 വോട്ടിന് പാസായി. ബില്ലിനെ അതിനിശിതമായി എതിർത്ത പ്രതിപക്ഷത്തിന് 95 വോട്ട് ലഭിച്ചു. ലോക്സഭാ കഴിഞ്ഞദിവസം 232 നെതിരെ 288 വോട്ടുകളോടെ വഖഫ് ബിൽ പാസാക്കിയിരുന്നു. ഇരു സഭകളും പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അനുമതിക്ക് കൈമാറും. വഖഫ് ബിൽ പാസ്സായതോടെ ബില്ലിനെ എതിർത്ത പ്രതിപക്ഷ പാർട്ടികളിൽ ശക്തമായ ഭിന്നത പ്രകടമാവുകയും ചെയ്തു. വോട്ടെടുപ്പിന് അല്പം മുമ്പ് പ്രതിപക്ഷത്തുള്ള ബിജു പട്നായിക്കിൻ്റെ ബിജു ജനതാദൾ തങ്ങളുടെ 7 അംഗങ്ങളെ മനസ്സാക്ഷി വോട്ട് ചെയ്യാൻ അനുവദിച്ചു. അവർക്ക് ഇഷ്ടമുള്ള പക്ഷത്തിന് വോട്ട് ചെയ്യാമെന്നും വിപ്പ് ബാധകമല്ലെന്നും നിർദ്ദേശിച്ചു. വഖഫ് ബില്ലുമായി ബന്ധപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളിലെ വിവിധ വിഭാഗങ്ങളുടെ വികാരം ഉൾക്കൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നു പാർട്ടി നേതാവ് സസ്മിത് പത്ര വെളിപ്പെടുത്തി. ബിൽ മുസ്ലിം താൽപര്യങ്ങൾക്ക് ദോഷം ചെയ്യുമെന്ന ആരോപണങ്ങൾ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു തള്ളിക്കളഞ്ഞു. വഖഫ് ബോഡിൻ്റെ കാര്യങ്ങളിൽ അമുസ്ലിങ്ങൾക്ക് ഇടപെടാൻ ആവില്ലെന്നും അതിൻറെ മാനേജ്മെൻറും ഗുണഭോക്താക്കളും മുസ്ലിങ്ങൾ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതത്തെക്കുറിച്ച് അല്ല സ്വത്തിനെ കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും ആണ് ബില്ലെന്നും അഴിമതി ഇല്ലാതാക്കുക എന്നതാണ് ബില്ലന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സ്ഥാപനങ്ങളുടെ ആസ്തിയിൽ 7% വഖഫ് ബോർഡിന് നിർബന്ധമായി നൽകണമെന്ന വ്യവസ്ഥ 5% ആയി കുറച്ചു. ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള ബോർഡുകളുടെ കണക്ക് സംസ്ഥാന സർക്കാരിന്റെ ഓഡിറ്റർമാരുടെ ഓഡിറ്റിങ്ങിന് വിധേയമാക്കണം. വഖഫ് സ്വത്തുക്കളുടെ മേൽനോട്ടത്തിനു കേന്ദ്രീകൃത മേൽനോട്ടം ഉണ്ടാവും. കുറഞ്ഞത് അഞ്ചുവർഷം മുസ്ലിമായി വഖഫ് ജീവിതം നയിക്കുന്നവർക്ക് അവരുടെ സ്വത്ത് വഖഫിനു നൽകാമെന്നും ബിൽ ഉറപ്പ് ചെയ്യുന്നു. വഖഫ് പ്രഖ്യാപനത്തിന് മുമ്പ് സ്ത്രീകൾക്ക് അവരുടെ അനന്തരാവകാശം ലഭിക്കണം. വിധവകൾ, വിവാഹമോചിത സ്ത്രീകൾ , അനാഥർ എന്നിവർക്ക് പ്രത്യേക വ്യവസ്ഥ ഉണ്ടാവും. വഖഫ് ആയി പ്രഖ്യാപിക്കുന്ന സ്വത്ത് കളക്ടർക്ക് മുകളിലുള്ള ഉദ്യോഗസ്ഥൻ നിരീക്ഷിക്കണം. കേന്ദ്ര -സംസ്ഥാന വഖഫ് ബോർഡുകളിൽ മുസ്ലിം അല്ലാത്തവരെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും ഉണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ തർക്കമുണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കാൻ ഹിന്ദുപ്രതിനിധികൾ ഉണ്ടാവണ്ടേ എന്ന് മന്ത്രി പ്രതിപക്ഷങ്ങളോട് ആരാഞ്ഞു. മതത്തെക്കുറിച്ച് അല്ല, സ്വത്തിനെക്കുറിച്ചും അത് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുമാണ് ബില്ലെന്നു മന്ത്രി കിരൺ റിജിജു പറഞ്ഞു.







