കാസർകോട് മെഡിക്കൽ കോളേജിന്റെ നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷൻ

കാസർകോട്: ആരോഗ്യ മേഖലയിൽ ജില്ലയിലുള്ള സംവിധാനങ്ങൾ അപര്യാപ്തമായതിനാൽ നിർദ്ദിഷ്ട മെഡിക്കൽ കോളേജിന്റെ നിർമ്മാണം ത്വരിതപ്പെടുത്താൻ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ജില്ലയിൽ ആരോഗ്യസംവിധാനങ്ങൾ കുറവായതിനാൽ കർണാടകയെ ആശ്രയിക്കേണ്ടി വരികയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്. ജില്ലാ കളക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിലവിൽ ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തി നിർത്തിവച്ചിരിക്കുകയാണെന്നാണ് പറയുന്നത്. പഴയ റേറ്റിൽ പണി ചെയ്യാൻ കഴിയില്ലെന്ന് കരാറുകാരൻ അറിയിച്ചതിനെ തുടർന്നാണ് നിർമ്മാണം നിർത്തിവച്ചത്. തുടർന്ന് കരാറുകാരനെ സർക്കാർ നീക്കം ചെയ്തു. ആശുപത്രി ബ്ലോക്കിന്റെ പണി പൂർത്തിയാക്കണമെങ്കിൽ സെക്രട്ടേറിയറ്റ് തലത്തിൽ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ കളക്ടറുടെ പറയുന്നു.അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ക്വാർട്ടേഴ്സിന്റെ പണി 70 ശതമാനം പൂർത്തിയാക്കി. എന്നാൽ പെൺകുട്ടികളുടെ ഹോസ്റ്റൽ, ടീച്ചേഴേസ് ക്വാർട്ടേഴ്സ് എന്നിവയുടെ പണിയും പൂർത്തിയാക്കിയിട്ടില്ല. കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് 3 ലക്ഷം രൂപ എം. എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. സ്ഥിരം കണക്ഷന് 18 ലക്ഷം രൂപ ആവശ്യമാണ്. കുടിവെള്ള കണക്ഷൻ അനുവദിക്കാൻ കാസർകോട് വികസന പാക്കേജിൽ നിന്നും വാട്ടർ അതോറിറ്റിക്ക് നൽകിയെങ്കിലും വാട്ടർ അതോറിറ്റി പണി പൂർത്തിയാക്കിയിട്ടില്ല. എ.എ. അബ്ദുൾ സത്താറിന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page