വിദ്യ മരിച്ചത് അലമാര ദേഹത്ത് വീണല്ല; ഇരുപത്തിരണ്ടുകാരിയുടെ മരണം ദുരഭിമാനക്കൊല; ഇതര ജാതിയില്‍പെട്ട യുവാവുമായുള്ള പ്രണയത്തിന്റെ പേരില്‍ സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ചെന്നൈ: തമിഴ് നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. തിരുപ്പൂര്‍ ജില്ലയില്‍ ഇരുപത്തിരണ്ടുകാരിയുടെ മരണം കൊപാതകം. കോയമ്പത്തൂരിലെ സര്‍ക്കാര്‍ കോളജ് വിദ്യാര്‍ഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാര്‍ച്ച് 30 നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ശരവണകുമാറിനെ (24) കാമനായ്ക്കന്‍പാളയം പൊലീസ് അറസ്റ്റ് ചെയ്തു. കാമുകന്‍ വെണ്‍മണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യയുടെ മരണം പോലീസ് അന്വേഷിച്ചത്. മാര്‍ച്ച് 30 നാണ് പരുവൈയിലെ വീട്ടില്‍ ദിവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ക്ഷേത്രത്തില്‍ പോയപ്പോള്‍ അലമാര ദേഹത്ത് വീണു പരിക്കേറ്റു മരിച്ചതായാണു കുടുംബം അയല്‍വാസികളോടും ബന്ധുക്കളോടും പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കാതെ സമീപത്തെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. സംശയം തോന്നിയ കാമുകന്‍ വെണ്‍മണി കാമനായകന്‍പാളയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അന്വേഷണം. ഫോറന്‍സിക് ഉദ്യോഗസ്ഥരും അവരും വിദ്യയെ അടക്കം ചെയ്ത സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ ശക്തമായ ആഘാതം മൂലമാണ് മരിച്ചതെന്ന് കണ്ടെത്തി.
വിദ്യയുടെ കുടുംബത്തെ ചോദ്യം ചെയ്തപ്പോള്‍, സഹോദരന്‍ ശരവണന്‍ ഇരുമ്പ് വടി കൊണ്ട് തലയില്‍ അടിച്ചതായി സമ്മതിച്ചു. താഴ്ന്ന സമുദായത്തില്‍പ്പെട്ട വെണ്‍മണിയുമായി വിദ്യയ്ക്ക് ബന്ധമുണ്ടായിരുന്നതിനാലാണ് താന്‍ അവളെ കൊലപ്പെടുത്തിയതെന്ന് അയാള്‍ വെളിപ്പെടുത്തി.
സഹോദരിയുടെ പ്രണയബന്ധത്തിനു കുടുംബം എതിരായിരുന്നതായും നിരവധി തവണ താക്കീത് നല്‍കിയിട്ടും പ്രണയം തുടര്‍ന്നെന്നും സഹോദരന്‍ ശരവണകുമാര്‍ പറഞ്ഞു. വെണ്‍മണിയുടെ രക്ഷിതാക്കള്‍ വിവാഹാലോചനയുമായി വിദ്യയുടെ വീട്ടില്‍ എത്തിയത് പ്രകോപിപ്പിച്ചെന്നും ശരവണകുമാറിന്റെ മൊഴിയില്‍ പറയുന്നുണ്ട്. ശരവണകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിദ്യയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page