കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പ്രമുഖ വസ്ത്രാലയത്തില്‍ പെരുന്നാള്‍ വസ്ത്രം വാങ്ങിക്കാന്‍ ബന്ധുക്കളോടൊപ്പം എത്തിയ പതിനഞ്ചുകാരിയെ കടന്നു പിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്ത ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. ചാല, ഈസ്റ്റ് തന്നടിയിലെ ബൈത്തുല്‍നജയില്‍ ടി.കെ ഹനീസി(39)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്.ഐ ദീപ്തി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. റംസാന്‍ കച്ചവടത്തിന്റെ തിരക്കുള്ള സമയത്താണ് പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പം വസ്ത്രാലയത്തില്‍ എത്തിയത്. തിരക്കിനിടയില്‍ ആരും ശ്രദ്ധിക്കില്ലെന്നു കണക്കു കൂട്ടിയ ഹനീസ് പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും ബലമായി ചുംബിക്കുകയുമായിരുന്നുവെന്നു പറയുന്നു. ഇതു സംബന്ധിച്ച പരാതി പൊലീസ് ആദ്യം വിശ്വസിച്ചില്ലെങ്കിലും സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്. തുടര്‍ന്നാണ് ഹനീസിനെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.
