ബംബ്രാണ, ചൂരിത്തടുക്കയില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് 107 കിലോ കഞ്ചാവ് കടത്തിയ കേസിലെ വാറന്റ് പ്രതി; കൊലക്കേസില്‍ നേരത്തെ കുറ്റവിമുക്തനാക്കിയ ബാസിത്തിനെതിരെ വേറെയും കേസുകള്‍, പ്രതി റിമാന്റില്‍

കാസര്‍കോട്: 107 കിലോ കഞ്ചാവ് കടത്തിയ കേസിലെ വാറന്റ് പ്രതിയായ ബംബ്രാണ, ചൂരിത്തടുക്കയിലെ അബ്ദുല്‍ ബാസിത്ത് (32) എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുമ്പള പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച ഉച്ചക്കാണ് വാറന്റ് പ്രതിയായ അബ്ദുല്‍ ബാസിത്ത് കുമ്പള എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍ പ്രജിത്ത്(38), സിവില്‍ എക്സൈസ് ഓഫീസര്‍ രാജേഷ് പി (25), അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി മുരളി (30), സിവില്‍ എക്സൈസ് ഓഫീസര്‍ ടി.വി അതുല്‍ (30) എന്നിവരെ ആക്രമിച്ചത്. നേരത്തെ പെര്‍ള ചെക്ക് പോസ്റ്റില്‍ വച്ചു 107 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ ബാസിത്ത്. പ്രസ്തുത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കെതിരെ ജില്ലാ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്ന പ്രതി പെരുന്നാള്‍ ദിനത്തില്‍ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം ചൂരിത്തടുക്കയിലെ വീട്ടില്‍ എത്തിയത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രതി വഴങ്ങിയില്ല. തുടര്‍ന്ന് പിടികൂടാനുള്ള ശ്രമത്തിനിടയില്‍ സിവില്‍ എക്സൈസ് ഓഫീസറായ രാജേഷിനെ ചവിട്ടി വീഴ്ത്തി. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രിവന്റീവ് ഓഫീസറായ കെ.ആര്‍ പ്രജിത്തിനു സ്റ്റീല്‍ ദണ്ഡ് കൊണ്ട് കുത്തേറ്റത്. സാഹസികമായി പ്രതിയെ കീഴടക്കിയ എക്സൈസ് സംഘം കോടതിയില്‍ ഹാജരാക്കി. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ബാസിത്തിനെതിരെ കുമ്പള പൊലീസ് വധശ്രമത്തിനു കേസെടുത്തു. ഇയാള്‍ നേരത്തെ കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസില്‍ പ്രതിയായിരുന്നു. ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് സുനാമി കോളനിയിലെ സാക്കിര്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് പ്രതിയായിരുന്നത്. ഈ കേസില്‍ അബ്ദുല്‍ ബാസിത്തിനെയും കൂട്ടു പ്രതികളെയും കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. ഈ കേസ് കൂടാതെ മറ്റു മൂന്നു അക്രമകേസുകളില്‍ കൂടി അബ്ദുല്‍ ബാസിത്ത് പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page