കൊല്ലം: വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ പ്രതി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. നീണ്ടകര സ്വദേശി തേജസ് രാജ് (24) ആണ് മരിച്ചത്. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ കൊല്ലം ഉളിയക്കോവിലിൽ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജി(20)നെ തേജസ് രാജ് വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഫെബിന്റെ പിതാവിനെയും തേജസ് ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫെബിൻ വീട്ടിൽ വച്ച് തന്നെ മരണപ്പെട്ടു. ഇതിനുശേഷമാണ് പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതെന്നു പൊലീസ് പറയുന്നു. ഫെബിന്റെ സഹോദരിയെ തേടിയാണ് പ്രതി മണ്ണെണ്ണയുമായി എത്തിയതെന്നാണ് സൂചന. ഫെബിനെ കുത്തിയ ശേഷം തേജസ് കാറിൽ കടന്നു കളയുകയായിരുന്നു. ചോരപ്പാടുകളുമായി തേജസ് സഞ്ചരിച്ച കാർ റെയിൽവേ സ്റ്റേഷൻ പരസരത്ത് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഫെബിൻ്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
