കുമ്പളയില്‍ ട്രാഫിക് പരിഷ്‌കരണത്തിന് പഞ്ചായത്ത് പദ്ധതി: തടസ്സങ്ങള്‍ നീങ്ങി, ബസ്സ്റ്റാന്റില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഉയരും

കുമ്പള: കുമ്പള ടൗണില്‍ ട്രാഫിക് സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ഗ്രാമപഞ്ചായത്ത് ശ്രമമാരംഭിച്ചു.
ഒപ്പം വിമര്‍ശകരുടെ വായ അടപ്പിച്ച് ബസ്സ്റ്റാന്റില്‍ ഷോപ്പിംഗ് കോംപ്ലക്‌സും ഉയരും. ഇതിനായുള്ള തടസ്സങ്ങള്‍ നീങ്ങി. തദ്ദേശ വകുപ്പ് മന്ത്രിയുടെ ഡേറ്റ് കിട്ടിയാലുടന്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തറക്കല്ലിടും. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുക. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ട്രാഫിക് പരിഷ്‌കരണത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങളാണ് ഗ്രാമപഞ്ചായത്ത് അടുത്തമാസം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകള്‍ ബദിയടുക്ക റോഡില്‍ ഇരുവശത്തുമായി യാത്രക്കാരെ ഇറക്കാനും കയറ്റാനും നിര്‍ത്തിയിടും. ബസുകള്‍ക്കൊന്നും ബസ്സ്റ്റാന്റില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. ബദിയടുക്ക റോഡില്‍ ഇതിനായി നാലോളം ബസ് വെയിറ്റിംഗ് ഷെഡുകളുടെ ജോലി ദ്രുതഗതിയില്‍ നടന്നുവരുന്നുണ്ട്.
2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ട്രാഫിക് പരിഷ്‌കരണത്തിന് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിനുശേഷം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍, ടാക്‌സികള്‍ എന്നിവരുടെ പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാകും.
സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സില്‍ ആധുനിക സംവിധാനത്തോടുകൂടിയുള്ള റൂമുകള്‍, ശുചിമുറി ഒരുക്കും. പുതുതായി നിര്‍മ്മിക്കുന്ന മത്സ്യമാര്‍ക്കറ്റിന്റെ പണി അവസാന ഘട്ടത്തിലാണ്. വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ടൗണിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് പ്രസിഡണ്ട് യു.പി താഹിറാ, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page