സ്വന്തം മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സമ്മേളനം; ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാതെ നടനും എംഎല്‍എയുമായ മുകേഷ്, മുകേഷിന് അപ്രഖ്യാപിത വിലക്കോ?

കൊല്ലം: മൂന്നു പതിറ്റാണ്ടിന് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്തെത്തുന്നത്. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ സമ്മേളനം നടക്കുമ്പോള്‍ ഉദ്ഘാടന പരിപാടിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെ കാണാനില്ല. മുകേഷിന് അപ്രഖ്യാപിത പാര്‍ടി വിലക്കെന്നാണ് സംസാരം. എന്നാല്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുകേഷ് ജില്ലക്ക് പുറത്താണ് ഉള്ളതെന്നാണ് വിവരം. സ്വന്തം മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ മുകേഷിന്റെ അസാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്.
സ്ഥലം എംഎല്‍എ എന്ന നിലയില്‍ സമ്മേളനത്തിന്റെ സംഘാടനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ട ആളായിരുന്നു എം മുകേഷ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ മുകേഷ് പങ്കെടുത്തിട്ടില്ല. സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിലാണ് അവസാനം പങ്കെടുത്തത്. മുകേഷിനെതിരെ ലൈംഗികാരോപണം വന്നപ്പോള്‍ തന്നെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്നാണ് ആവശ്യം സിപിഎമ്മില്‍ ഉയര്‍ന്നത്.
കൊല്ലം ടൗണ്‍ ഹാളില്‍ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ 530 പ്രതിനിധികളാണ് സംസ്ഥാനത്തെമ്പാട് നിന്നും പങ്കെടുക്കുന്നത്. പിബി കോര്‍ഡിനേറ്ററായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രായപരിധി കര്‍ശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് എകെ ബാലന്‍, ആനാവൂര്‍ നാഗപ്പന്‍, പികെ ശ്രീമതി എന്നിവര്‍ ഒഴിവാകും. പി ശശി അടക്കമുള്ളവരെ പുതുതായി ഉള്‍പ്പെടുത്താനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page