ഏറ്റുമാനൂരിൽ മൂന്നുപേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരിച്ചത് അമ്മയും മക്കളും; ട്രെയിനിനു മുന്നിലേക്ക് മൂന്നുപേർ ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ്

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബിയുടെ ഭാര്യ ഷൈനി, ഇളയ മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് നാട്ടുകാരില്‍ ചിലര്‍ മൃതദേഹം റെയില്‍വേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ ആണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയിവെ ഗേറ്റിന് സമീപമാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ ട്രെയിന് മുന്നിലേക്ക് മൂന്ന് പേര്‍ ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് റെയില്‍വേയെ അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷൈനിയും ഭര്‍ത്താവ് തൊടുപുഴ സ്വദേശി നോബി ലൂക്കോസും തമ്മില്‍ പിരിഞ്ഞു കഴിയുകയാണ്. കോടതിയില്‍ ഡിവോഴ്‌സ് കേസ് നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കഴിഞ്ഞ 9 മാസമായി ഷൈനി പാറോലികലിലെ വീട്ടില്‍ ആണ് കഴിയുന്നത്. രാവിലെ പള്ളിയില്‍ പോകാനെന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടും വീട്ടുകാര്‍ ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചിരുന്നു. ബിഎസ് സി നഴ്‌സായിരുന്ന ഷൈനി കുറെ നാളായി ജോലി ചെയ്യുന്നില്ല. അടുത്തിടെ വീണ്ടും ജോലിക്ക് ശ്രമിച്ചു. ജോലി കിട്ടാതെ വന്നതിലുള്ള വിഷമം ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page