‘തട്ടത്തില്‍… തക്കത്തില്‍… തന്നിട്ട് പോയതെന്ത്?’; ‘അഭിലാഷം’ സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി, ഈണം നല്‍കിയതും പാടിയതും കുണ്ടംകുഴി സ്വദേശി

കാസര്‍കോട്: ‘അഭിലാഷം’ സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ‘തട്ടത്തില്‍… തക്കത്തില്‍… തന്നിട്ട് പോയതെന്ത്..?’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. ഷറഫുവിന്റെ വരികള്‍ക്ക് ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകനും കുണ്ടംകുഴി സ്വദേശിയുമായ ശ്രീഹരി കെ നായര്‍ തന്നെയാണ്. ‘മണിയറയിലെ അശോക’ന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. സൈജു കുറുപ്പ്, തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മാര്‍ച്ച് അവസാന വാരം തിയേറ്ററുകളിലെത്തും. മണിയറിലെ അശോകന്‍ എന്ന സിനിമയിലൂടെയാണ് ശ്രീഹരി സ്വതന്ത്ര സംഗീത സംവിധായകനായത്. ചിത്രത്തിലെ അഞ്ചു പാട്ടും ഹിറ്റായിരുന്നു. ദുല്‍ഖറും ഗ്രിഗറിയും ഒരുമിച്ച് പാടിയ ഉണ്ണിമായ എന്ന ഗാനത്തിലൂടെ തന്നെ ശ്രീഹരിയുടെ പേര് മലയാള സിനിമയില്‍ ചര്‍ച്ചയായിരുന്നു. എംബിഎ ബിരുദധാരിയായ ശ്രീഹരി ചെറുപ്പത്തില്‍ കുറച്ചുകാലം ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. 2018 മുതല്‍ ശ്രീഹരി തന്റെ സംഗീത ജീവിതം ആരംഭിച്ചത് പ്രശാന്ത് പിള്ളയുടെ ഫ്രഞ്ച് വിപ്ലവം, പടയോട്ടം എന്നീ ചിത്രങ്ങള്‍ക്ക് സംഗീത സഹായിയായിട്ടായിരുന്നു. രണ്ടാമത്തെ ചിത്രമായ കമ്മ്യൂണിസ്റ്റ പച്ചയിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. കൊച്ചി കടവന്ത്രയില്‍ താമസിക്കുന്ന ശ്രീഹരി കഴിഞ്ഞ നാലഞ്ചു വര്‍ഷമായി പരസ്യ ചിത്രങ്ങള്‍ക്കും സംഗീതം നല്‍കുന്നുണ്ട്. കീബോര്‍ഡ് പ്രോഗ്രാമിങും ചെയ്യുന്നു. എം രാജേന്ദ്രന്‍ നായരുടെയും ജയശ്രീയുടെയും മകനാണ് ശ്രീഹരി. ശ്രീശുഭ സഹോദരിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page