ട്രെയിന്‍ യാത്രക്കിടെ പൊലീസുകാരിയുടെ രണ്ടര പവന്‍ സ്വര്‍ണ മാല നഷ്ടമായി; 12 മണിക്കൂറിനകം ആഭരണം കണ്ടെത്തി ഉടമസ്ഥയ്ക്ക് നല്‍കി റെയില്‍വേ പൊലീസ്

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ പൊലീസുകാരിയുടെ നഷ്ടപ്പെട്ട രണ്ടര പവന്‍ സ്വര്‍ണ മാല 12 മണിക്കൂറിനകം കണ്ടെത്തി ഉടമസ്ഥയ്ക്ക് നല്‍കി റെയില്‍വേ പൊലീസ് മാതൃകയായി. ചൊവ്വാഴ്ച രാവിലെയാണ് കുമ്പള പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ഷീജ എന്ന ഉദ്യോഗസ്ഥയുടെ രണ്ടര പവന്‍ സ്വര്‍ണ മാല മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ വച്ച് നഷ്ടമായത്. ട്രെയിനിലെ എസ് 2 കോച്ചിലെ യാത്രക്കാരിയായിരുന്നു അവര്‍. ട്രെയിന്‍ കുമ്പളയിലെത്തിയപ്പോഴാണ് മാല നഷ്ട കാര്യം ശ്രദ്ധയില്‍പെട്ടത്.തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊല്ലത്തുനിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. രാത്രിയായതിനാല്‍ ട്രെയിനില്‍ തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് യാത്രക്കാരി പൊലീസിനെ അറിയിച്ചത്. വാക്കാലുള്ള പരാതിയെ തുടര്‍ന്ന് എസ്‌ഐ സിഎസ് സനില്‍കുമാറും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനീഷ് കുമാറും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. ടിടിഇ യെ ബന്ധപ്പെട്ട് മംഗളൂരു ഇന്റെലിജിന്‍സ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം എസ് 2 കോച്ചില്‍ യാത്ര ചെയ്ത 30 ഓളം യാത്രക്കാരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. ഫോണില്‍ ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും അവര്‍ക്കാര്‍ക്കും മാലയെ കുറിച്ച് വിവരം ലഭിച്ചില്ല. അതിനിടെയാണ് മംഗളൂരുവില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയും കോച്ചിലുണ്ടായിരുന്നതായി വിവരം ലഭിച്ചത്. വിദ്യാര്‍ഥിയെ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. അതിനിടെ കളവ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി പൊലീസുകാരി റെയില്‍വേ പൊലീസ് സ്റ്റേഷനെ സമീപിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കാനിരിക്കെയാണ് വിദ്യാര്‍ഥിയുടെ ഫോണ്‍ കോള്‍ എത്തിയത്. രണ്ടര പവന്റെ സ്വര്‍ണ്ണമാല കിട്ടിയതായും കിട്ടിയ കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു. ട്രെയിന്‍ ഇറങ്ങിയ ഉടനെ ക്ലാസില്‍ കയറിയതിനാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാനോ ഒന്നും പറയാനോ കഴിഞ്ഞിരുന്നില്ലെന്ന് വിദ്യാര്‍ഥി മൊഴി നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥി മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഉടമസ്ഥന് ആഭരണം തിരിച്ചല്‍പ്പിക്കുകയായിരുന്നു. അവധിയിലായിരുന്നിട്ടും
സ്വര്‍ണ്ണമാല കണ്ടെത്താന്‍ അവസരോചിതവും തന്ത്രപരവുമായ നീക്കം നടത്തിയ എസ്‌ഐ സനിലിനെയും സാഹചര്യം ഒരുക്കിയ സുനീഷിനെയും യാത്രക്കാര്‍ അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page