ചീമേനിയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച: പ്രതികളുടെ ഒളിത്താവളത്തെക്കുറിച്ച് നിര്‍ണ്ണായക സൂചന, നേപ്പാളി സ്വദേശികളായ ദമ്പതികള്‍ രക്ഷപ്പെട്ടത് മൊബൈല്‍ ഫോണ്‍ പുഴയില്‍ എറിഞ്ഞ ശേഷമാണെന്നു സംശയം, അന്വേഷണ സംഘം ബംഗ്‌ളൂരുവില്‍

കാസര്‍കോട്: ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിടുമ്പയിലെ എഞ്ചിനീയര്‍ എന്‍ മുകേഷിന്റെ വീടു കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണവും നാലരകിലോ തൂക്കം വരുന്ന വെള്ളിപാത്രങ്ങളും കവര്‍ന്ന കേസില്‍ പൊലീസ് തിരയുന്ന ദമ്പതികളുടെ ഒളിത്താവളത്തെ കുറിച്ച് അന്വേഷണ സംഘത്തിനു വ്യക്തമായി സൂചന ലഭിച്ചു. ഇതോടെ നാടിനെ നടുക്കിയ കവര്‍ച്ചാ കേസിലെ പ്രതികളെ ഉടന്‍ വലയിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ചീമേനി പൊലീസ് ഇന്‍സ്‌പെക്ടറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം ബംഗ്‌ളൂരു കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായാണ് സൂചന.
തിങ്കളാഴ്ച ഉച്ചക്ക് 11നും മൂന്നു മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. സംഭവ സമയത്ത് മുകേഷ് കുമാറും ഭാര്യയും വീട്ടുജോലിക്കാരനും കണ്ണൂരിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് സംഘം അകത്തു കടന്ന് കവര്‍ച്ച നടത്തിയത്. മുകേഷിന്റെ പശു തൊഴുത്തിലെ ജോലിക്കാരായ നേപ്പാള്‍ സ്വദേശി ചക്രസാഹി, ഭാര്യ ഇഷചൗധരി അഗര്‍വാള്‍ എന്നിവരാണ് കവര്‍ച്ച നടത്തിയത്. ദമ്പതികളും മറ്റൊരാളും അകത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കവര്‍ച്ചാ മുതലുകളുമായി വീടിന്റെ ഗേറ്റ് കടന്ന് പുറത്തിറങ്ങിയ സംഘം മറ്റൊരാളെയും കൂട്ടി ഓട്ടോയില്‍ കയറിയാണ് സ്ഥലം വിട്ടത്. പിന്നീട് ചെറുവത്തൂര്‍ വഴി നീലേശ്വരം മാര്‍ക്കറ്റ് റോഡ് വരെ സംഘം ഓട്ടോയില്‍ എത്തി. അവിടെ നിന്നു ദേശീയ പാത ഭാഗത്തേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ദമ്പതികള്‍ നേപ്പാള്‍ സ്വദേശികളാണെന്നു അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ഇവര്‍ നേപ്പാളിലേക്ക് പോയിട്ടില്ലെന്നും വിവിധ സ്ഥലങ്ങളില്‍ പശുക്കളെ പരിപാലിക്കുന്ന ജോലി ചെയ്ത് കവര്‍ച്ച നടത്തി കടന്നു കളയുകയാണ് ഇവരുടെ രീതിയെന്നും പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ നിടുമ്പയിലെ പശുത്തൊഴുത്തില്‍ ജോലി ചെയ്യാനെത്തിയപ്പോള്‍ നല്‍കിയ വ്യക്തിഗത വിവരങ്ങളെല്ലാം വ്യാജമാണെന്നും തിരിച്ചറിയല്‍ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും വ്യക്തമായിട്ടുണ്ട്. കവര്‍ച്ച നടത്തിയതിനു ശേഷം ദമ്പതികള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ആണ്. അതിനു ശേഷം ഇ.എം.ഐ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് പിന്‍തുടരാതിരിക്കുന്നതിനു വേണ്ടി ഫോണ്‍ പുഴയിലോ മറ്റൊ എറിഞ്ഞ് നശിപ്പിച്ചതായും സംശയിക്കുന്നു. പ്രതികളെ കണ്ടെത്താനാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page