വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊല്ലാന്‍ 100 രൂപയുടെ ക്വട്ടേഷന്‍ നല്‍കി ഏഴാം ക്ലാസുകാരന്‍

മുംബൈ: സഹപാഠിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താന്‍ സീനിയര്‍ വിദ്യാര്‍ഥിക്ക് നൂറ് രൂപയുടെ ക്വട്ടേഷന്‍ നല്‍കി ഏഴാം ക്ലാസുകാരന്‍. മഹാരാഷ്ട്രയിലെ പുണെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവം അറിഞ്ഞിട്ടും അത് മറച്ചുവച്ച പ്രധാനാധ്യാപകനും രണ്ട് അധ്യാപര്‍ക്കും എതിരെ പൊലീസ് കേസെടുത്തു.
പുണെ ദൗണ്ഡിലെ ഒരു സ്കൂളിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. ഏഴാം ക്ലാസുകാരനായ വിദ്യാര്‍ഥി അവന്‍റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ മാതാപിതാക്കളുടെ വ്യാജ ഒപ്പിട്ടെന്ന് സഹപാഠിയായ വിദ്യാര്‍ഥിനി കണ്ടുപിടിച്ചിരുന്നു. ഇത് പെണ്‍കുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞതിന്‍റെ വൈരാഗ്യത്തെ തുടര്‍ന്നാണ് ക്വട്ടേഷന്‍. ഇതേ സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് 100 രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തണം എന്നായിരുന്നു ആവശ്യം.
എന്നാല്‍ ഇക്കാര്യം ഒന്‍പതാം ക്ലാസുകാരന്‍ വേഗം തന്നെ സ്കൂള്‍ അധികൃതരെ അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് സംഭവം നടക്കുന്നത്. പലതവണ മാതാപിതാക്കളുടെ പരാതി അവഗണിച്ച പൊലീസ് രണ്ടുദിവസം മുന്‍പാണ് കേസെടുക്കാന്‍ തയാറായത്. വിവരം അറിഞ്ഞിട്ടും അത് മറച്ചുവച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഹെഡ് മാസ്റ്റര്‍ക്കും രണ്ട് അധ്യാപകര്‍ക്കും എതിരെയാണ് കേസ്. എന്നാല്‍ ഏഴാം ക്ലാസുകാരനെതിരെ കേസെടുത്തിട്ടില്ല. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് എതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന വാദമാണ് പൊലീസ് പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page