മംഗളൂരു: ഉഡുപ്പിയില്‍ യാചകന്‍ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഉഡുപ്പി നഗരത്തിന്റെ ഹൃദയഭാഗത്താണ് സംഭവം നടന്നത്. സ്ഥലത്തെ സിസിടിവി ക്യാമറകളില്‍ യാചകന്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മറ്റൊരു കുട്ടിയുമായി കടയ്ക്ക് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ യാചകന്‍ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് സമീപത്തെ ഫുട്പാത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. പിന്നീട് മാതാപിതാക്കള്‍ കുട്ടിയെ കാണാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അവശനിലയില്‍ കണ്ടത്. ബഹളം വച്ച് ഓടിവന്ന കുട്ടി അപ്പോള്‍ തന്നെ സംഭവം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് ഉഡുപ്പി വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. ഒളിവില്‍ പോയ യാചകനെ പൊലീസ് തെരയുകയാണ്. യാചകന്റെ ഫോട്ടോ പൊലീസ് പുറത്തവിട്ടു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടയാണ് സംഭവം നടന്നതെന്ന് ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഡോ.അരുണ്‍ പറഞ്ഞു. ജില്ലാ ഇന്‍ചാര്‍ജ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.
