പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസ്: പ്രതികളെ ഷാരോണ്‍ കേസ് മോഡലില്‍ പൂട്ടാനുറപ്പിച്ച് അന്വേഷണ സംഘം; ജിന്നുമ്മ ഉള്‍പ്പെടെ നാലു പേരുടെ ശബ്ദപരിശോധന നടത്തി

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസിവ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കൊണ്ടു പിടിച്ച ശ്രമവുമായി അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി പ്രതികളായ ബാര, മീത്തല്‍ മാങ്ങാട്ടെ വാടക കെട്ടിടത്തില്‍ താമസക്കാരനായ ഉബൈസ് എന്ന ഉവൈസ് (32), ഭാര്യ കെ.എച്ച് ഷമീന എന്ന ജിന്നുമ്മ(34), മുക്കൂട് ജീലാനി നഗറിലെ പി.എസ് അസ്‌നീഫ (36), മധൂര്‍, കൊല്യയിലെ ആയിഷ (42) എന്നിവരെ കണ്ണൂര്‍ ആകാശവാണി നിലയത്തിലെത്തിച്ച് ശബ്ദപരിശോധന നടത്തി. പ്രതികളായ നാലു പേരും ശബ്ദം, എഴുത്ത് എന്നിവയിലൂടെ കൈമാറിയ 1.42 ലക്ഷത്തിലേറെ വരുന്ന സന്ദേശങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേണ സംഘം കണ്ടെത്തിയിരുന്നു. ഇവ പ്രതികളുടേതാണെന്നു ശാസ്ത്രീയമായി സ്ഥിരീകരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
മനസ്സാക്ഷിയെ ഞെട്ടിച്ച തിരുവനന്തപുരം, പാറശാലയിലെ ഷാരോണ്‍ കൊലക്കേസ് ദൃക്‌സാക്ഷികള്‍ ആരും ഇല്ലാത്ത കേസാണ്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷാരോണിന്റെ കാമുകിയും പ്രതിയുമായ ഗ്രീഷ്മയ്ക്കു വധശിക്ഷ ഉറപ്പാക്കിയത്. പ്രവാസിയുടെ കൊലപാതകത്തിലും ദൃക്‌സാക്ഷികള്‍ ആരുമില്ല. അതിനാല്‍ പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കുകയാണ് ശബ്ദപരിശോധനയിലൂടെ അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. ഷാരോണ്‍ കൊലക്കേസ് അന്വേഷിച്ച ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ ആണ് അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്‍.
ജനുവരി 25 വരെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയ പ്രതികളെ ബുധനാഴ്ച കൊച്ചിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. 2023 ഏപ്രില്‍ 14ന് ആണ് ഗഫൂര്‍ ഹാജിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്വാഭാവിക മരണമാണെന്നു കരുതി ഖബറടക്കവും നടത്തി. പിന്നീട് വീട്ടില്‍ നിന്നു 596 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായെന്നു വ്യക്തമായി. മകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്നു വ്യക്തമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page