ഉള്ളാൾ കോട്ടേക്കാർ ബാങ്ക് കവർച്ച; മൂന്ന് പ്രതികളെ പിടികൂടി; കവർച്ചയ്ക്കുശേഷം മോഷ്ടാക്കൾ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു

മംഗളൂരു: ഉള്ളാളിലെ കോട്ടേക്കാർ സഹകരണ ബാങ്കിൽ പട്ടാപ്പകൽ 12 കോടി രൂപയുടെ കവർച്ച നടത്തിയ സംഘം പിടിയിൽ. മുംബൈ, തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ സംഘമാണ് പിടിയിലായത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ(36), മുംബൈ ഡോബിവലി സ്വദേശി പ്രകാശ് എന്ന ജോഷ്വാ രാജേന്ദ്രൻ(35), മുംബൈ തിലക് നഗർ സ്വദേശി കണ്ണൻ മണി(36) എന്നീ പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊള്ളസംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ള രണ്ട് പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. മോഷണത്തിന് ഉപയോഗിച്ച ഫിയറ്റ് കാർ ഇവരിൽ നിന്ന് പിടിച്ചെടുത്തതായി മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
പ്രതികളുടെ കൈയ്യിൽ നിന്ന് ഒരു വാളും രണ്ട് തോക്കുകളും മോഷ്ടിച്ച സ്വർണത്തിന്‍റെയും പണത്തിന്‍റെയും ഒരു പങ്കും കണ്ടെടുത്തിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പ്രതികളും പ്രദേശവാസികളാകാൻ സാധ്യതയെന്നാണ് പൊലീസ് നിഗമനം. ഇവരുടെ വിവരങ്ങൾ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കണ്ടെത്താമെന്നാണ് പൊലീസ് കരുതുന്നത്. ജനുവരി 17-ന് മംഗളുരുവിലെ ഉള്ളാളിലെ സഹകരണ ബാങ്കിൽ പട്ടാപ്പകൽ 12 കോടിയോളം മതിപ്പ് വില വരുന്ന സ്വർണവും 5 ലക്ഷം രൂപയുമാണ് ഇവർ കൊള്ളയടിച്ചത്. പ്രതികൾ കേരളത്തിലൂടെ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. കവർച്ചക്കായി രണ്ടുമാസം മുമ്പ് തന്നെ പദ്ധതി ആസൂത്രണം ചെയ്തു ഇവർ മംഗളൂരുവിൽ എത്തിയിരുന്നു. തദ്ദേശീയരായ ആളുകളുടെ സഹായവും ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കവർച്ച മുതലിന്റെ ഒരു ഭാഗം മാത്രമാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. മറ്റു പ്രതികളെ തേടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page