നുള്ളിപ്പാടിയില്‍ ദേശീയപാത നിര്‍മ്മാണം പുനഃരാരംഭിച്ചു; ആക്ഷന്‍ കമ്മിറ്റി തടഞ്ഞു, പൊലീസെത്തി ഒരു ആഴ്ച കൂടി സാവകാശം നല്‍കി

കാസര്‍കോട്: നുള്ളിപ്പാടിയില്‍ ദേശീയ പാത നിര്‍മ്മാണം പുനഃരാരംഭിച്ചത് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. വിവരമറിഞ്ഞ് കാസര്‍കോട് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. അടിപ്പാത വേണമെന്ന ആവശ്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനത്തിലെത്തണമെന്നും ഇല്ലാത്ത പക്ഷം നിര്‍മ്മാണ പ്രവൃത്തികളുമായി കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് മുന്നോട്ടു പോകാമെന്നും ഡിവൈ.എസ്.പി നിര്‍ദ്ദേശിച്ചു.
നുള്ളിപ്പാടിയില്‍ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഒരു വര്‍ഷമായി നുള്ളിപ്പാടിയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. അടിപ്പാതയെന്ന ആവശ്യം നേടിയെടുക്കാന്‍ ആക്ഷന്‍ കമ്മിറ്റിക്കു കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കരാറുകാര്‍ ചൊവ്വാഴ്ച രാവിലെ റോഡ് നിര്‍മ്മാണം പുനഃരാരംഭിക്കുവാന്‍ എത്തിയത്. ഈ വിവരമറിഞ്ഞ് നഗരസഭാ കൗണ്‍സിലര്‍ എം. ലളിത, കമ്മിറ്റി ഭാരവാഹികളായ അനില്‍ ചെന്നിക്കര, വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയവര്‍ നിര്‍മ്മാണ ജോലികള്‍ തടഞ്ഞു. ഇതോടെയാണ് പൊലീസ് എത്തിയത്. അടിപ്പാത അനുവദിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഉദ്യോഗസ്ഥരായ നിഷാന്‍, അജിത്ത് എന്നിവര്‍ വ്യക്തമാക്കി. ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പ്രവൃത്തി ഇനിയും തീര്‍ക്കാതിരിക്കുവാന്‍ കഴിയില്ലെന്നു സൊസൈറ്റി പ്രതിനിധികള്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഒരാഴ്ചത്തേക്കു കൂടി ആക്ഷന്‍ കമ്മിറ്റിക്ക് സാവകാശം നല്‍കിയതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ നിലവിലുള്ള പ്ലാന്‍ പ്രകാരം ജോലി തുടരുമെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page