സുള്ള്യ: മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. തൊട്ടു പിന്നാലെ ഭര്‍ത്താവ് ആസിഡ് കുടിച്ച് മരിച്ചു. സുള്ള്യ, നെല്ലൂര്‍, കെമ്രാജെ, കൊടിമജലുവിലാണ് സംഭവം. ഭാര്യ വിനോദ(42)യെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവ് രാമചന്ദ്ര ഗൗഡ (54)യാണ് ജീവനൊടുക്കിയത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ രാമചന്ദ്ര ഗൗഡ ഭക്ഷണം കഴിച്ച ശേഷം ഭാര്യയും മകനുമായി നിസാര പ്രശ്‌നത്തിന്റെ പേരില്‍ വഴക്കിടുകയായിരുന്നു. ഇത് വലിയ വാക്കേറ്റത്തില്‍ കലാശിക്കുകയും രാമചന്ദ്രഗൗഡ മകന്‍ പ്രശാന്തിനു നേരെ തോക്കു ചൂണ്ടുകയും ചെയ്തു. വെടിയുതിര്‍ക്കുമെന്നു ഉറപ്പായതോടെ വിനോദ ഇവര്‍ക്കിടയിലേക്ക് ചാടി വീണു. ഇതിനിടയിലാണ് വിനോദക്ക് വെടിയേറ്റത്. വെടിയേറ്റു വീണ അവര്‍ തല്‍ക്ഷണം മരിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് രാമചന്ദ്ര ഗൗഡ ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. മകന്‍ പ്രശാന്ത് വിവരമറിയിച്ചതിനെ തുടര്‍ന്ന് സുള്ള്യ പൊലീസെത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി.
