മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിന് പുറപ്പെട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

നെടുമങ്ങാട്: തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. കാവല്ലൂർ സ്വദേശിനി ദാസിനി(61)യാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10.20 ഓടെ നെടുമങ്ങാട് ഇരിഞ്ചിയത്താണ് ദാരുണമായ സംഭവം നടന്നത്. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രപോയവരാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 49 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരില്‍ അധികവും കുട്ടികളായിരുന്നുവെന്നാണ് സൂചന. അപകടം നടന്ന ഉടനെ തന്നെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ 17 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്സും ബസ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തി. അതിനിടെ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page